'ഞങ്ങൾക്ക് ആധാര്‍ കാര്‍ഡ് മാത്രമേയുള്ളൂ, തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിക്കുന്ന പേപ്പറുകൾ എങ്ങനെ കിട്ടാനാണ്?'; വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാനാവാതെ ബിഹാറിലെ ഗ്രാമീണര്‍
ജൂൺ 24-ലെ കണക്കനുസരിച്ച് ബിഹാറിൽ 7.9 കോടി വോട്ടർമാരുണ്ട്
പറ്റ്ന: തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശിച്ച മതിയായ രേഖകളില്ലാത്തതു മൂലം വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാനാവാതെ ബിഹാറിലെ ഗ്രാമീണര്‍. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, തൊഴിലുറപ്പ് കാര്‍ഡ് എന്നിവയാണ് ബിഹാറിലെ ഗ്രാമീണരായ യുവാക്കളുടെ കയ്യിലുള്ളത്. പ്രത്യേക വോട്ടര്‍ പരിഷ്കരണ പ്രകാരം 2003ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്ത മാഞ്ചി പോലുള്ള ഗ്രാമങ്ങളിലെ താമസക്കാര്‍ പൗരത്വം തെളിയിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച 11 രേഖകളിൽ ഒന്ന് ഹാജരാക്കണം.
ജൂൺ 24-ലെ കണക്കനുസരിച്ച് ബിഹാറിൽ 7.9 കോടി വോട്ടർമാരുണ്ട്. ഇവരിൽ 4.96 കോടി വോട്ടർമാർ 2003-ലെ വോട്ടർപട്ടികയിലുള്ളവരാണ്. ഇവരൊഴിച്ചുള്ളവർക്ക് ജനനത്തിയതിയോ സ്ഥലമോ ഉൾപ്പെടെ പൗരത്വം തെളിയിക്കാനാവശ്യമായ രേഖ ഹാജരാക്കണം. ആഗസ്ത് രണ്ടുമുതൽ വീടുവീടാന്തരം കയറിയുള്ള പരിശോധനയിൽ രേഖകൾ ഹാജരാക്കണം. ഇതിന്‍റെ അടിസ്ഥാനത്തിൽ സെപ്തംബർ 30-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
പട്ടികജാതി വിഭാഗത്തിൽ പെട്ട ഇവിടുത്തെ ഗ്രാമീണരുടെ കയ്യിൽ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോലുമില്ല. "ജൂലൈ 25 ന് മുമ്പ് ഒരു താമസ സർട്ടിഫിക്കറ്റോ ജാതി സർട്ടിഫിക്കറ്റോ ലഭിച്ചാൽ എന്‍റെ (വോട്ടർ എൻറോൾമെന്‍റ്) ഫോം പൂരിപ്പിക്കാമെന്ന് ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) എന്നോട് പറഞ്ഞു," താമസക്കാരനായ മേഘൻ മാഞ്ചി പറയുന്നു. നളന്ദ ജില്ലയിലെ നിതീഷിന്‍റെ തട്ടകമായ ഹർനൗട്ട് മുതൽ വൈശാലിയിലെ ആർജെഡി മേധാവി ലാലു പ്രസാദിന്‍റെ രഘോപൂർ വരെയുള്ള ഗ്രാമങ്ങളിലെ അവസ്ഥ ഇതാണ്. നിലവിൽ ലാലുവിന്‍റെ മകനും മുതിർന്ന ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവാണ് രഘോപൂർ നിയമസഭാ സീറ്റിനെ പ്രതിനിധീകരിക്കുന്നത്.
ജാതി സര്‍ട്ടിഫിക്കറ്റും താമസ സര്‍ട്ടിഫിക്കറ്റും നേടിയെടുക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ഗ്രാമവാസികൾ. ഈ സർട്ടിഫിക്കറ്റുകൾ വേഗത്തിലാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുകൾ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഏകദേശം 26 ലക്ഷം വോട്ടർമാരുള്ള വൈശാലി ജില്ലയിൽ, വ്യാഴാഴ്ചയോടെ ഫോം വിതരണം പകുതിയോളം പൂർത്തിയായി.വിതരണം ചെയ്ത ഫോമുകളിൽ 2.5 ലക്ഷം എണ്ണം പൂരിപ്പിച്ച് തിരിച്ചയച്ചു. 30,000 പേരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്തു.ജൂലൈ 7 നകം ഫോമുകളുടെ വിതരണം പൂർത്തിയാകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വർഷ സിംഗ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗ്രാമമായ കല്യാൺ ബിഗ ഉൾപ്പെടുന്നതും മുമ്പ് നിതീഷ് നിരവധി തവണ വിജയിച്ചതുമായ ഹർനൗട്ട് നിയമസഭാ മണ്ഡലത്തിൽ ഒബിസി കുർമികളും ചില ഇബിസികളും ബ്രാഹ്മണ കുടുംബങ്ങളും ആധിപത്യം പുലർത്തുന്ന മണ്ഡലമാണ്. ഇസി നടപടിക്രമം മൂലം വോട്ടവകാശം നഷ്ടപ്പെടാൻ സാധ്യതയുള്ളത് ഇബിസികൾ പോലുള്ള അരികുവൽക്കരിക്കപ്പെട്ടവരാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ സംസ്ഥാനത്തെ 1.5 കോടി കുടുംബങ്ങളിലേക്കുള്ള ബൂത്ത് ലെവൽ ഓഫീസർമാരുടെ ആദ്യ സന്ദർശനം ഇന്നലെ പൂർത്തിയായിട്ടുണ്ട്. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബിഹാർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇന്നലെ തേജസ്വി യാദവ് ചർച്ച നടത്തിയിരുന്നു. ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഇവിടെ തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നിൽ വലിയ രാഷ്ട്രീയ അജണ്ടകൾ ഉണ്ടെന്നും തേജസ്വി വിമർശിച്ചു. കമ്മീഷന്‍റെ നീക്കത്തിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.