76ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കരസേനയുടെ കരുത്തറിയിച്ച് റിപ്പബ്ലിക് ദിന പരേഡ്
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്
ന്യൂഡല്‍ഹി: 76ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക കരുത്തിന്റെയും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നതായിരുന്നു കര്‍ത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡ്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സബിയാന്തോ മുഖ്യാതിഥിയായി. കര-വ്യോമ-നാവിക സേനകളുടെ പ്രകടനത്തിനൊപ്പം 31 നിശ്ചലദൃശ്യങ്ങളും പരേഡിൽ അണിനിരന്നു.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.
പത്തരയോടെ രാഷ്ട്രപതി ദ്രൗപതി മുർമുവും ഇന്തോനേഷ്യൻ പ്രസിഡന്റ് സബിയാന്തോയും കാർ ഒഴിവാക്കി കുതിരകൾ വലിക്കുന്ന രഥത്തിൽ കർത്തവ്യപഥിലേക്കെത്തി. ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. ബൂട്ടണിഞ്ഞു ചിട്ടയോടെ ചുവട് വെച്ച് ഇന്ത്യൻ കരസേനയുടെ പരേഡ് സംഘം, കർത്തവ്യപഥിൽ രാജ്യത്തെ ആഭിവാദ്യം ചെയ്തു. ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിൽ രാജ്യത്തിന്റെ കരുത്ത് തെളിയിച്ചു.
വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണ്ണകാഴ്ച്ച ഒരുക്കി. അയ്യായിരത്തോളം കലാകാരന്മാരും പരേഡില്‍ അണിനിരന്നു. ഇത്രയും അധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന പരേഡും ആദ്യമായാണ്. ക്ഷണിക്കപ്പെട്ട പതിനായിരം അതിഥികളാണ് റിപ്പബ്ലിക് ദിന പരേഡ് കാണാനെത്തിയിരുന്നത്.