സ്ത്രീകൾക്കുള്ള താലിബാന്റെ സർ‍വകലാശാലാ വിദ്യാഭ്യാസ വിലക്കിൽ ആശങ്ക അറിയിച്ച് ഇന്ത്യ

താലിബാന്റെ തീരുമാനത്തെ അപലപിച്ച് യു.എസ്, ആസ്ത്രേലിയ, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ. പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ രം​ഗത്തെത്തിയിരുന്നു.

Update: 2022-12-22 14:38 GMT
Advertising

ന്യൂഡൽഹി: അഫ്​ഗാനിൽ സ്ത്രീകൾ‍ക്ക് ഏർപ്പെടുത്തിയ സർവകലാശാലാ വിദ്യാഭ്യാസ വിലക്കിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. അഫ്ഗാൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യാവകാശം ഉറപ്പാക്കുന്ന ഒരു സർക്കാർ രൂപീകരിക്കണമെന്ന ആഹ്വാനം ഇന്ത്യ ആവർത്തിച്ചു.

"ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഞങ്ങൾ ശ്രദ്ധിച്ചു. അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ ഇന്ത്യ സ്ഥിരമായി പിന്തുണയ്ക്കുന്നു. എല്ലാ അഫ്ഗാനികളുടേയും അവകാശങ്ങളെ മാനിക്കുന്ന, ഉന്നത വിദ്യാഭ്യാസ പ്രവേശനം ഉൾപ്പെടെ അഫ്ഗാൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പങ്കാളികളാകാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യാവകാശം ഉറപ്പാക്കുന്ന ഒരു സർക്കാർ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്"- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

"സ്ത്രീകളുടേതുൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യം ആവർത്തിച്ച് ഉറപ്പിക്കുന്ന യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം- 2593 താൻ ഓർക്കുന്നു.‌ കൂടാതെ സ്ത്രീകളുടെ സമ്പൂർണവും തുല്യവും അർഥപൂർണവുമായ പങ്കാളിത്തവും ആവശ്യപ്പെടുന്നു"- അദ്ദേഹം പറഞ്ഞു.

താലിബാന്റെ തീരുമാനത്തെ അപലപിച്ച് യു.എസ്, ആസ്ത്രേലിയ, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ. പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ രം​ഗത്തെത്തിയിരുന്നു. വിലക്ക് പുനഃപരിശോധിക്കണം എന്ന് താലിബാൻ സർക്കാരിനോട് ഇന്നലെ പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിന്റെ നിർദേശങ്ങൾക്കനുസൃതമായി വിദ്യാഭ്യാസത്തിനുള്ള അന്തർലീനമായ അവകാശം പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ടെന്നും പാകിസ്താൻ‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീകൾക്ക് സർവകലാശാല വിദ്യാഭ്യാസം നിരോധിച്ച താലിബാൻ നടപടിയെ അപലപിച്ച് അഫ്ഗാനിസ്താന്റെ വീൽചെയർ ബാസ്‌ക്കറ്റ് ബോൾ ടീം മുൻ ക്യാപ്റ്റൻ നിലോഫർ ബയാത്തും രം​ഗത്തെത്തിയിരുന്നു. അഫ്ഗാനിൽ രണ്ട് തവണ യുദ്ധത്തിന് ഇരയായ നിലോഫർ താലിബാന്റെ നടപടിയെ 'ദുരന്തം' എന്നാണ് വിശേഷിപ്പിച്ചത്.

സർക്കാർ- സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കി ചൊവ്വാഴ്ചയാണ് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കിയത്. ഇത് അഫ്ഗാനിൽ മാത്രമല്ല പല രാജ്യങ്ങളിലും വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അധികാരമേറ്റതിന് പിന്നാലെ സ്ത്രീകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ താലിബാൻ വിദ്യാഭ്യാസമടക്കം നിരോധിച്ചത്.

ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് സർവ‌‌കലാശാലകളിൽ സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു"- ഉത്തരവിൽ പറയുന്നു. ഉത്തരവ് ഉടൻ‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ- സ്വകാര്യ സർവകലാശാലകൾക്ക് മന്ത്രി കത്തയയ്ക്കുകയും ചെയ്തു.

ഇതിനു പിന്നാലെ, ബുധനാഴ്ച സർവകലാശാലകളിൽ എത്തിയ വിദ്യാർഥിനികളെ സായുധ സേന തടയുകയും ചെയ്തിരുന്നു. നൂറുകണക്കിന് വിദ്യാർഥിനികളെയാണ് അഫ്​ഗാനിലെ യൂണിവേഴ്സിറ്റികൾ‍ക്ക് മുന്നിൽ സായുധ സേന തട‍ഞ്ഞത്. കാബൂളിലെ യൂണിവേഴ്സിറ്റികൾ‍ക്ക് പുറത്ത് ​ഗേറ്റുകൾ പൂട്ടി സായുധസേന തടഞ്ഞതിനെ തുടർന്ന് നിരവധി വിദ്യാർഥിനികൾ പുറത്തുനിൽ‍ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

രാജ്യത്തുടനീളം ആയിരക്കണക്കിന് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സർവകലാശാലാ പ്രവേശന പരീക്ഷ എഴുതാൻ അനുമതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഉന്നത വിദ്യാഭ്യാസത്തിന് നിരോധനം പ്രഖ്യാപിച്ചത്. ഇത്രയും വിദ്യാർ‍ഥിനികളുടെ ഭാവി ഇരുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. സെക്കൻ‍ഡറി വിദ്യാഭ്യാസ മേഖലയിൽ നേരത്തെ തന്നെ താലിബാൻ സ്ത്രീകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News