Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: ഇന്ത്യപാക് സംഘർഷത്തിൽ വിദേശരാജ്യങ്ങളുമായുള്ള കൂടിക്കാഴ്ച വലിയ ഫലംകണ്ടെന്ന് ശശി തരൂർ. ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്ക മധ്യസ്ഥത വഹിച്ചകാര്യം പരാമർശിക്കപ്പെട്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അഭിനന്ദനീയമാണെന്നും ശശിതരൂർ പറഞ്ഞു. കോൺഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി പറയാമെന്നും തരൂർ വ്യക്തമാക്കി.
ഒരു ഭാരതീയൻ എന്ന നിലയിലാണ് ഞാൻ സംസാരിച്ചത്. പാക്കിസ്താന്റെ ഒരു അജണ്ടയും ആഗോളതലത്തിൽ നടപ്പാക്കാനായിട്ടില്ല. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ സമയമായിട്ടില്ല. വിമർശനങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകുമെന്നും തരൂർ പറഞ്ഞു. ഭാരതത്തിനു വേണ്ടി സംസാരിക്കുകയായിരുന്നു തന്റെ കടമ, അത് പൂർത്തിയാക്കി.
വൈകിട്ട് പ്രധാനമന്ത്രിയുടെ അത്തായ വിരുന്നിൽ പങ്കെടുക്കും. താൻ തയ്യാറാക്കിയ റിപ്പോർട്ട് കൈമാറും. വിദേശരാജ്യങ്ങളിലെ എല്ലാ യോഗങ്ങളിലും ഇന്ത്യയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. കൊളംബിയ പാക്കിസ്താന് പിന്തുണ നൽകിയിരുന്നു പിന്നീടത് പിൻവലിക്കുകയായിരുന്നുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്ക മധ്യസ്ഥത വഹിച്ചകാര്യം ആരും പറഞ്ഞില്ല. പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചാൽ തങ്ങൾ മറുപടി നൽകുമന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അത് അമേരിക്ക പാകിസ്താനെ അറിയിച്ച് അവരെ കൊണ്ട് നിർത്തിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അഭിനന്ദനീയം. തങ്ങൾ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂർ വ്യക്തമാക്കി.