വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് ഇന്ത്യ; 'ശാശ്വത സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'

ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം

Update: 2026-04-08 09:28 GMT

ന്യൂഡല്‍ഹി: ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സംഘര്‍ഷം ജനങ്ങള്‍ക്ക് വലിയ ദുരിതം വരുത്തി. ആഗോള ഊര്‍ജ്ജവിതരണത്തെ തടസ്സപ്പെടുത്തി. വെടിനിര്‍ത്തല്‍ വന്നതോടെ ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിനെ കൂടുതല്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുന്നതായി ജര്‍മ്മന്‍ ചാന്‍സിലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു. വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച പാകിസ്താന് നന്ദി അറിയിച്ച മെര്‍സ് നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുദ്ധത്തിന് ശാശ്വതമായ അവസാനം വേണമെന്നും അഭിപ്രായപ്പെട്ടു. കരാറിനെ സ്വാഗതം ചെയ്യുന്നുവെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പറഞ്ഞു. യുക്രെയ്‌ന് മേലുള്ള റഷ്യയുടെ അധിനിവേശം സമാന രീതിയില്‍ അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

വെള്ളിയാഴ്ചയാണ് പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇറാനും യുഎസും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണകളിലെ ചര്‍ച്ചകള്‍ നടക്കുക. ചര്‍ച്ചകള്‍ വിജയിക്കുമെന്നും ലോകത്ത് എന്നും നിലനില്‍ക്കുന്ന സമാധാനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ് പറഞ്ഞു.

ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും എന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയ സമയപരിധി അവസാനിക്കവേയാണ് ഇറാനുമായി വെടിനിര്‍ത്തല്‍ സാധ്യമായത്. പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് താല്‍ക്കാലികമായി തുറക്കാന്‍ ഇറാന്‍ സമ്മതിച്ചതായി പാകിസ്താന്‍ അറിയിച്ചിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News