20 രൂപയുടെ പാര്‍ലെജിക്ക് 320 രൂപ, അരക്കിലോ പരിപ്പിന് 400; യുഎസിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില കേട്ട് ഞെട്ടി സൈബര്‍ ലോകം

ഉത്പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന അമിതവിലയില്‍ ആശങ്കപ്പെട്ട് നിരവധി ഇന്ത്യക്കാരാണ് രംഗ​ത്ത് വന്നിരിക്കുന്നത്

Update: 2025-08-24 07:48 GMT

ഡാലസ്: അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില കാണിക്കുന്ന ഒരു വിഡിയോ സൈബര്‍ ലോകത്ത് ചര്‍ച്ചയാവുകയാണിപ്പോള്‍. 'അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്‌ളോഗ്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാലസിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില പുറത്തുവിട്ടത്. ഏകദേശം 39,000 ആളുകളാണ് ഹിന്ദിയില്‍ ചിത്രീകരിച്ച ഈ വീഡിയോ ഇതിനകം കണ്ടത്.

രജത് എന്ന ഇന്ത്യക്കാരനാണ് ഇന്ത്യന്‍ ഉത്പ്പന്നങ്ങളായ പരിപ്പിന്റേയും പാര്‍ലെ ജി ബിസ്‌ക്കറ്റിന്റേയും ഹൈഡ് ആന്‍ഡ് സീക്ക് ബിസ്‌ക്കറ്റിന്റേയുമെല്ലാം വില വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. വടക്കെ ഇന്ത്യയില്‍ പ്രശസ്തമായ മസൂര്‍ ദാല്‍, മൂങ് ദാല്‍ (ഒരു തരം പരിപ്പ്) എന്നിവയ്ക്ക് നാല് ഡോളറാണ് വില. ഹല്‍ദിറാം കമ്പനിയുടെ ഖട്ട മീത്ത നാംകീനും (മിക്‌സ്ച്ചര്‍) ആലു ബുജയ്ക്കും(ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കുന്ന നുറുക്ക്) നാല് ഡോളറാണ്. എന്നാല്‍ ഇന്ത്യക്കാരുടെ ഇഷ്ട ബിസ്‌ക്കറ്റ് ബ്രാന്‍ഡുകളായ പാര്‍ലെജിക്കും ഹൈഡ് ആന്‍ഡ് സീക്ക് ബിസ്‌ക്കറ്റിനും ഒരു പാക്കിന് 4.5 ഡോളറാണ് വിലയെന്നാണ് വിഡിയോയിലെ യുവാവ് പറയുന്നത്. ഇതിന് പുറമെ മറ്റ് ഇന്ത്യന്‍ ഉത്പ്പന്നങ്ങളായ തന്തൂരി മസാല. ബിരിയാണി മസാല, ബട്ടര്‍ ചിക്കന്‍ സോസ, ഗുഡ് ഡേ ബിസ്‌ക്കറ്റ് എന്നിങ്ങനെ നിരവധി ഉത്പ്പന്നങ്ങളുടെ വിലയും യുവാവ് വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

Advertising
Advertising

എന്നാല്‍ വിഡിയോയ്ക്ക് താഴെ ഉത്പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന അമിതവിലയില്‍ ആശങ്കപ്പെടുന്ന നിരവധി ഇന്ത്യക്കാരുടെ കമന്റുകള്‍ കാണാം. ഒരു പാക്കറ്റ് ഹൈഡ് ആന്‍ഡ് സീക്ക് ബിസ്‌ക്കറ്റിന് നാല് ഡോളര്‍ എന്ന് പറയുമ്പോള്‍ അത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 320 രൂപയാണ്. എന്നാല്‍ ഇന്ത്യയില്‍ ഒരു പാക്കിന് 20 രൂപയാണ്. പരിപ്പിനാകട്ടെ അരക്കിലോയ്ക്ക് 400 രൂപയാണ് അമേരിക്കയില്‍ ഈടാക്കുന്നത്. ഇത് വളരെ കൂടുതല്‍ ആണെന്നാണ് നിരവധിയാളുകള്‍ കമന്റ് ചെയ്തത്. കാനഡയില്‍ ഇതിനെക്കാള്‍ വില കുറവാണ് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാല്‍ തങ്ങളുടെ പ്രീയപ്പെട്ട പാര്‍ലെ ജി ബിസ്‌ക്കറ്റ് അമേരിക്കന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇടംപിടിച്ചത് കണ്ട് നൊസ്റ്റാള്‍ജിയ തോന്നുന്നവരുടെ എണ്ണവും കുറവല്ല.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News