വിവാഹസമ്മാനമായി ഇന്ധനം നല്‍കിയാലോ? ഇ-ഫ്യുവൽ വൗച്ചറുമായി ഐ.ഒ.സി

One4U എന്ന പേരിലാണ് ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷന്‍ സമ്മാന വൗച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്

Update: 2021-11-29 08:20 GMT
Editor : Jaisy Thomas | By : Web Desk

അനുദിനം കുതിച്ചുകൊണ്ടിരിക്കുകയാണ് ഇന്ധനവില. സാധാരണക്കാരന് അപ്രാപ്യമാകുന്ന തലത്തിലെത്തിയിരിക്കുന്നു വില വര്‍ധനവ്. വിവാഹത്തിനും മറ്റുമൊക്കെ സമ്മാനമായി ഇന്ധനം നല്‍കിയാല്‍ അത്രയും സന്തോഷം. അത്തരമൊരും സമ്മാനപദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഓൺലൈനായി വാങ്ങാനും ഡിജിറ്റലായി നല്‍കാനും കഴിയുന്ന ഇ-ഫ്യുവൽ വൗച്ചർ (e-Fuel Voucher) പദ്ധതിയാണ് ഐ.ഒ.സി അവതരിപ്പിച്ചിരിക്കുന്നത്.

One4U എന്ന പേരിലാണ് ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷന്‍ സമ്മാന വൗച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നല്‍കാനാകുന്ന മികച്ച സമ്മാനമെന്നാണ് ഇ-ഫ്യൂവല്‍ വൗച്ചറിനെക്കുറിച്ച് ഐ.ഒ.സി പറയുന്നത്. ''നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പുതിയ തുടക്കങ്ങൾ കൂടുതൽ സ്പെഷ്യലാക്കുക. വിവാഹങ്ങൾ ആഘോഷിക്കാൻ പറ്റിയ ഒരു സമ്മാനം, ഇന്ത്യന്‍ ഓയിലിന്‍റെ One4U ഇ-ഫ്യുവൽ വൗച്ചർ ഇന്ന് തന്നെ സ്വന്തമാക്കൂ, നിങ്ങളുടെ സ്നേഹവും അനുഗ്രഹവും അവരില്‍ ചൊരിയൂ'' ഐ.ഒ.സി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Advertising
Advertising

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://one4u.easyfuel.in സന്ദർശിച്ചാല്‍ ഇ-ഫ്യുവൽ വൗച്ചർ (e-Fuel Voucher) വാങ്ങാവുന്നതാണ്. ഏറ്റവും കുറഞ്ഞത് 500 രൂപ വിലയുള്ള ഒരു സമ്മാന വൗച്ചറുകള്‍ ലഭ്യമാണ്. പരമാവധി 10,000 രൂപ വരെയുള്ള സമ്മാന വൗച്ചറുകളാണ് ഉള്ളത്. കൂടാതെ, ഇത്തരത്തില്‍ ഓൺലൈൻ ഗിഫ്റ്റ് വൗച്ചറുകള്‍ വാങ്ങുമ്പോള്‍ കമ്പനി കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. "500 രൂപയ്ക്കും അതിലും ഉയര്‍ന്ന തുകയ്ക്കുമുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ വാങ്ങുമ്പോള്‍ കമ്പനി 0.75% ഡിസ്കൗണ്ട് നല്‍കുന്നു. ചെക്ക് ഔട്ട് സമയത്ത് ഈ ഡിസ്കൗണ്ട് നേടാന്‍ കഴിയും", . ഇന്ത്യൻ ഓയിലിന്‍റെ വെബ്‌സൈറ്റിൽ പറയുന്നു.



ഐ.ഒ.സി റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇന്ധനം / ലൂബ്രിക്കന്‍റുകൾ വാങ്ങുന്നതിനുള്ള സൗകര്യപ്രദമായ പേയ്‌മെന്‍റ് വൗച്ചറാണ് ഐ.ഒ.സി.എല്‍ ഇ-ഗിഫ്റ്റ് വൗച്ചർ. തെരഞ്ഞെടുക്കപ്പെട്ട ഐ.ഒ.സി.എല്‍ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനം / ലൂബ്രിക്കന്‍റുകൾ വാങ്ങുന്നതിന് ഇത് ഉപയോഗിക്കാം. കൂടാതെ, 18 വയസിന് മുകളിലുള്ള ആർക്കും ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ ഗിഫ്റ്റ് വൗച്ചര്‍ വാങ്ങാം. വൗച്ചറിന് 365 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്. ഈ കാലയളവിനുള്ളിൽ വൗച്ചർ ഉപയോഗപ്പെടുത്താം.

ദീപാവലിക്കും ധന്തേരാസിനും ഐ.ഒ.സി സമാനരീതിയിലുള്ള സമ്മാനപദ്ധതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഐ.ഒ.സിയുടെ പ്രമോഷണൽ ട്വീറ്റുകൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ ലാഭമുണ്ടാക്കുകയാണോ എന്നാണ് നെറ്റിസണ്‍സിന്‍റെ ചോദ്യം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News