ട്രെയിൻ അപ്ഡേഷന് ഈ മൂന്ന് ആപ്പുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ

യാത്രക്കാർ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയിൽവേ ആവശ്യപ്പെട്ടു

Update: 2025-06-05 07:31 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: ട്രെയിനുമായി ബന്ധപ്പെട്ട അപ്ഡേഷനുകൾക്കായി സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ. ഈ ആപ്പുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നതിനും ഒപ്പം ട്രെയിൻ എവിടെയാണെന്ന് തത്സമയം ട്രാക്ക് ചെയ്യാനും കഴിയും. എന്നാൽ ട്രെയിന്‍ സമയം, റദ്ദാക്കിയ ട്രെയിന്‍, വഴിതിരിച്ചുവിട്ട ട്രെയിന്‍ എന്നിവ വ്യക്തമായി അറിയാൻ ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് റെയിൽവെ.

യാത്രക്കാർ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയിൽവേ ആവശ്യപ്പെട്ടു.ഈ ആപ്പ് കൃത്യമായ ട്രെയിൻ സമയക്രമവും അനുബന്ധ വിവരങ്ങളും നൽകുന്നു. റെയിൽവേയുടെ കണക്കനുസരിച്ച്, രാജ്യത്തെ മിക്ക യാത്രക്കാരും റെയിൽ യാത്രി, ഇക്സിഗോ ട്രെയിൻ, വേർ ഈസ് മൈ ട്രെയിൻ തുടങ്ങിയ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്. അതുകൊണ്ട് ആപ്പുകളില്‍ ട്രെയിന്‍ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും കൃത്യമായി അറിയാറില്ല. മഴക്കാലമായതോടെ റെയില്‍പാളത്തില്‍ മരം വീണും വെള്ളം കയറിയും ട്രെയിന്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് റെയിൽവെയുടെ മുന്നറിയിപ്പ്.

Advertising
Advertising

സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) പ്രവർത്തിപ്പിക്കുന്ന ഔദ്യോഗിക ആപ്പാണ് NTES ആപ്പ്.റെയിൽ സംബന്ധമായ അന്വേഷണങ്ങൾക്ക് നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻ‌ടി‌ഇ‌എസ്) ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയിൽ‌വേ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആപ്പുകളിൽ നിന്ന് യാത്രക്കാർക്ക് പലപ്പോഴും തെറ്റായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി.NTES തെറ്റായ വിവരങ്ങൾ നൽകിയാൽ, ആവശ്യമെങ്കിൽ നഷ്ടപരിഹാരം തേടുന്നതിന് നിയമനടപടി സ്വീകരിക്കാവുന്നതാണ്.

സ്വകാര്യ ആപ്പുകൾക്കെതിരെ റെയിൽവെ നേരത്തെയും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ സംബന്ധിച്ച് യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് റെയിൽവെ വീണ്ടും മുന്നറിയിപ്പുമായി എത്തിയത്. റിയൽ-ടൈം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം (ആർടിഐഎസ്) വഴി റെയിൽവേ കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. സ്വകാര്യ ആപ്പുകളിൽ നിന്നുള്ള പിഴവുകൾക്ക് തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്ന് റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News