ഇന്ത്യൻ സൈനികർ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുത്തില്ല: അരുണാചലിലെ ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ച് അമിത് ഷാ

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചൈനീസ് സൈനികർക്കുള്ള തക്കതായ മറുപടി നൽകിയിട്ടുണ്ട്

Update: 2022-12-13 07:23 GMT
Advertising

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈനികരുമായി നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

"ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ല. ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ അപാരമായ ധീരതയാണ് കാണിച്ചത്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചൈനീസ് സൈനികർക്കുള്ള തക്കതായ മറുപടി നൽകിയിട്ടുണ്ട്," ആഭ്യന്തര മന്ത്രി പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2005, 2006, 2007 വർഷങ്ങളിൽ ചൈനീസ് എംബസി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻ തുക കൈമാറ്റം ചെയ്‌തിട്ടുണ്ടെന്നും അമിത് ഷാ കോൺഗ്രസിനെതിരെ ആരോപിച്ചു.

"ഞാൻ ചോദ്യങ്ങളുടെ ലിസ്റ്റ് കണ്ടു, അഞ്ചാമത്തെ ചോദ്യം കണ്ടപ്പോൾ, കോൺഗ്രസിന്‍റെ ഉത്കണ്ഠ എനിക്ക് മനസ്സിലായി. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ (RGF) ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് (FCRA) ലൈസൻസ് റദ്ദാക്കുന്നതിനെ കുറിച്ചായിരുന്നു ചോദ്യം," അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ ലഭിച്ചിരുന്നെന്നും ഇത് എഫ്‌സിആർഎ നിയമങ്ങൾ അനുസരിച്ചല്ലാത്തതിനാൽ രജിസ്‌ട്രേഷൻ റദ്ദാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News