രാജ്യത്ത് ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026 ല്‍; പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

കഴിഞ്ഞ സര്‍ക്കാരുകള്‍ ഇന്ത്യന്‍ റെയില്‍വേയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നുവെന്ന് അശ്വിന് വൈഷ്ണവ് പറഞ്ഞു

Update: 2024-03-19 14:40 GMT
Advertising

ഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റൈസിംഗ് ഭാരത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്രം പ്രവര്‍ത്തിക്കുകയാണെന്നും 2026 ല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'റെയില്‍വേ വിപുലമായ ആസൂത്രണം നടത്തി വരികയാണ്. അതിന് നല്ല രീതിയിലുള്ള പ്രവര്‍ത്തനവും ആശയവിനിമയവും വേണം. മറ്റ് രാജ്യങ്ങളില്‍ 1980-കളില്‍ ഓട്ടോമാറ്റിക് ട്രെയ്ന്‍ പ്രൊട്ടക്ഷന്‍ നിലവില്‍ വന്നു. എന്നാല്‍ അന്ന് ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാര്‍ അതൊന്നും രാജ്യത്ത് നടപ്പാക്കിയില്ല. 2016ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ കൊണ്ടുവന്നത്'- അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഡല്‍ഹി- വാരണസി (813 കി.മീ), ഡല്‍ഹി- അഹമ്മദാബാദ് (878 കി.മീ), മുംബൈ- നാഗ്പൂര്‍ (765 കി.മീ), മുംബൈ- ഹൈദരാബാദ് (671 കി.മീ), ചെന്നൈ- ബംഗളൂരു- മൈസൂര്‍ (435 കി.മീ), ഡല്‍ഹി- ചണ്ഡീഗഢ്- അമൃത്സര്‍ (459 കി.മീ), വാരണസി- ഹൗറ (760 കി.മീ) എന്നിങ്ങനെ ഏഴ് ഇടനാഴികള്‍ നിലവില്‍ പരിഗണനയിലുണ്ടെന്ന് 2022ല്‍ കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക വിദ്യ അതിവേഗം നവീകരിക്കാന്‍ മൂന്ന് കാര്യങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് വൈഷ്ണവ് പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുക, റെയില്‍വേ സാങ്കേതികവിദ്യയുടെ ഭാവി പരിപാലനത്തിനുള്ള ചിട്ടയായ പദ്ധതി, ഇന്ത്യന്‍ റെയില്‍വേ അരാഷ്ട്രീയവല്‍കരിക്കുക എന്നിവയാണത്. കഴിഞ്ഞ സര്‍ക്കാരുകള്‍ ഇന്ത്യന്‍ റെയില്‍വേയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നുവെന്നും അശ്വിന് വൈഷ്ണവ് പറഞ്ഞു.



Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News