ഇന്ന് ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനം

Update: 2021-10-31 01:20 GMT
Advertising

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനമാണ് ഇന്ന്. 1984 ൽ ഇതേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തി സ്ഥലിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് പുഷ്പാർച്ചന നടത്തും .

ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ട ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സ്വന്തം അംഗരക്ഷകരായ സത് വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരുടെ വെടിയേറ്റ് മരിച്ചത്. സുവർണ ക്ഷേത്രത്തിൽ തമ്പടിച്ച സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരിൽ സിഖ് സമുദായക്കാരെ ഒഴിവാക്കണമെന്ന് ഇൻറലിജൻസ് നിർദേശിച്ചിരുന്നു. എന്നാൽ ഇന്ദിര അതിന് വഴങ്ങിയില്ല.

ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുള്ള ബിയാന്ത് സിങും സത് വന്ത് സിങും ചേർന്ന് 31 റൗണ്ട് വെടിയാണ് ഇന്ദിരയുടെ മേൽ ഉതിർത്തത്. ഉറച്ച തീരുമാനങ്ങളെടുക്കുകയും അത് നടപ്പാക്കുന്നതിലുള്ള വ്യഗ്രതയുമായിരുന്നു ഇന്ദിരയുടെ സവിശേഷത. കോൺഗ്രസ് നേതാവെന്ന നിലയിലും പ്രധാനമന്ത്രിയെന്ന നിലയിലും ഇന്ദിരയെ വ്യത്യസ്തയാക്കിയതും അതു തന്നെയായിരുന്നു. അടിയന്തിരാവസ്ഥാ പ്രഖ്യാപനം ഒരു ഉദാഹരണം.

പഞ്ചാബിൽ അകാലി ദളിനെ ഒതുക്കാൻ ഭിന്ദ്രൻ വാലയെ ഉയർത്തിക്കൊണ്ടു വന്ന ഇന്ദിരക്ക് അത് തന്നെയാണ് വിനയായി മാറിയതും. ഭിന്ദ്രൻ വാല കോൺഗ്രസ് വിട്ട് തീവ്രവാദപ്രവർത്തനത്തിലേക്ക് തിരിഞ്ഞു . അതേ ഭിന്ദ്രൻവാലക്കും കൂട്ടർക്കുമെതിരെ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന സൈനിക ഓപ്പറേഷൻ സിഖ് സമുദായത്തിലുണ്ടാക്കിയ മുറിവാണ് ഒടുവിൽ ഇന്ദിരയുടെ ജീവനെടുത്തത്. . ഇന്ദിരയുടെ മരണത്തെ തുടർന്ന് ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊല മരണശേഷവും ഇന്ദിരയുടെ ഓർമയിൽ കളങ്കമായി മാറി.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News