വൃത്തിയില്‍ ആറാം തവണയും ഇന്‍ഡോര്‍ ഒന്നാമത്

സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മധ്യപ്രദേശ് ഒന്നാം സ്ഥാനം സ്വന്തമാക്കി

Update: 2022-10-02 10:40 GMT
Advertising

ഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ആറാം തവണയും ഇന്‍ഡോര്‍ ഒന്നാമതെത്തി. സൂറത്തും നവി മുംബൈയുമാണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം വിജയവാഡയായിരുന്നു മൂന്നാം സ്ഥാനത്ത്. കേന്ദ്ര സര്‍ക്കാരിന്‍റെ വാര്‍ഷിക ശുചിത്വ സര്‍വെ പ്രകാരമാണ് വൃത്തിയുള്ള നഗരങ്ങളെ തെരഞ്ഞെടുത്തത്.സ്വച്ഛ് സർവേക്ഷൻ അവാർഡ് 2022ൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മധ്യപ്രദേശ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഛത്തീസ്ഗഢ് രണ്ടാം സ്ഥാനവും മഹാരാഷ്ട്ര മൂന്നാം സ്ഥാനവും നേടി.100ൽ താഴെ അര്‍ബന്‍ തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളിൽ ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ, മഹാരാഷ്ട്രയിലെ പഞ്ചഗണി ഒന്നാമതെത്തി. ഛത്തീസ്ഗഢിലെ പടാനും മഹാരാഷ്ട്രയിലെ കർഹാദുമാണ് തൊട്ടുപിന്നിലുള്ളത്.ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഹരിദ്വാറിനെ ഏറ്റവും വൃത്തിയുള്ള ഗംഗാ നഗരമായി തെരഞ്ഞെടുത്തു, വാരാണസിയും ഋഷികേശുമാണ് തൊട്ടുപിന്നിൽ. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഗംഗാ പട്ടണങ്ങളിൽ ഒന്നാം സ്ഥാനത്ത് ബിജ്‌നോർ എത്തി. തൊട്ടുപിന്നിൽ കനൗജും, ഗർമുഖ്തേശ്വറുമാണ്. സർവേയിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള കന്റോൺമെന്റ് ബോർഡായി മഹാരാഷ്ട്രയിലെ ദിയോലാലി തെരഞ്ഞെടുക്കപ്പെട്ടു.രാഷ്ട്രപതി ദ്രൗപതി മുർമു വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.സ്വച്ഛ് ഭാരത് മിഷന്റെ (അർബൻ) പുരോഗതി പഠിക്കുന്നതിനും വിവിധ ശുചിത്വ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അര്‍ബന്‍ ലോക്കല്‍ ബോഡികള്‍ക്ക് (യുഎൽബി) റാങ്ക് നൽകുന്നതിനുമായാണ് സ്വച്ഛ് സർവേക്ഷൻ ഏഴാമത് സർവെ നടത്തിയത്. 2016ൽ 73 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയിരുന്ന സർവേ ഈ വർഷം 4,354 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് നടത്തിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News