കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം; ജാഗ്രതയോടെ രാജ്യം

രാജ്യത്ത് നാല് പേർക്ക് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് കേന്ദ്ര സർക്കാർ

Update: 2022-12-22 14:26 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദത്തിനെതിരെ ജാഗ്രതയോടെ രാജ്യം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി. മാസ്‌ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ വ്യക്തമാക്കി.

രാജ്യത്ത് നാല് പേർക്ക് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്ത് കോവിഡ് വ്യാപന ഭീതി ഇല്ലെന്ന് രാജ്യസഭയിലും ലോക്‌സഭയിലും നടത്തിയ പ്രസ്താവനയിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടക്കാനിരിക്കെ മാസ്‌ക് സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

രാജ്യസഭയിലും ലോക്‌സഭയിലും മാസ്‌ക് ധരിച്ചെത്തിയ അധ്യക്ഷന്മാർ അംഗങ്ങളോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടു. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യ വിദഗ്ധർ എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്ര യാത്രക്കാരെ റാൻഡം സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും ചൈനയിൽ നിന്നുൾപ്പടെയുള്ള വിമാന സർവീസുകൾ വെട്ടിക്കുറക്കില്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതിനിടെ മുൻകരുതൽ ഡോസ് ആയി കോവോവാക്‌സ് വിപണിയിൽ എത്തിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചു.

കോവിഡ് സ്ഥിരീകരിക്കുന്ന എല്ലാ രോഗികളിലും വൈറസിന്റെ ജനിതക ശ്രേണികരണ പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം ഉണ്ട്. ഉത്തർപ്രദേശ് ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയിൽ അവലോകന യോഗവും ഇന്ന് നടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നൽകിയ നിർദേശം അവഗണിച്ചാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് നടന്നത്. യാത്രയെ തകർക്കാനുള്ള ബിജെപി നീക്കം എന്നാണ് നിയന്ത്രണങ്ങളെ കോൺഗ്രസ് വിശേഷിപ്പിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News