റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി: കരാറില്‍ ഒപ്പിട്ട് ഇന്ത്യൻ ഓയിൽ കോർപറേഷൻ

30 ലക്ഷം ബാരൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള കരാറിൽ റഷ്യൻ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപറേഷനും ഒപ്പുവെച്ചു

Update: 2022-03-20 02:16 GMT

റഷ്യൻ കമ്പനിയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപറേഷൻ. 30 ലക്ഷം ബാരൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള കരാറിൽ റഷ്യൻ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപറേഷനും ഒപ്പുവെച്ചു. റഷ്യയിൽ നിന്നും എണ്ണ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനിടെയാണ് കരാർ.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതരാണ് കരാർ സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. 30 ലക്ഷം ബാരൽ അസസ്കൃത എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. നിലവിൽ വിപണിയിൽ ലഭിക്കാവുന്ന മികച്ച നിരക്കിലാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. മറ്റ് എണ്ണക്കമ്പനികളും റഷ്യൻ കമ്പനികളുമായി ഇറക്കുമതി കരാറിന് ഒരുങ്ങുന്നു എന്നാണ് സൂചന. എന്നാൽ ഇത് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് മാത്രമായി കണ്ടാൽ മതി എന്ന് അധികൃതർ വ്യക്തമാക്കി.

Advertising
Advertising

ഇന്ത്യ ഉൾപ്പെട്ട ഊർജ കൈമാറ്റ ബന്ധങ്ങളെ രാഷ്ടീയവൽകരിക്കരുതെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ക്രൂഡ് ഓയിലിൽ സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ലാത്ത രാജ്യങ്ങൾ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തരുത് എന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ലംഘനമല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജൻ സാകി വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തുമ്പോൾ റഷ്യയെ സഹായിച്ചവരായി റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവരെ ചരിത്രം അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News