Writer - രാഗേന്ദു പി.ആർ
Web Journalist
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി. രഷ്പാല്‍ കുമാര്‍ (45), ബാബി ചന്ദ് (57) എന്നിവരാണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ വെടിയുണ്ട തറച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ നഷ്ടപ്പെട്ടതായാണ് വിവരം.
അതേസമയം, സിആര്‍പിഎഫ് ബൂത്തിന് നേരെ ഭീകരാക്രമണം ഉണ്ടായ കുല്‍ഗ്രാമില്‍ കനത്ത ജാഗ്രത തുടരുകയാണ്. മേഖലയില്‍ നടന്ന പരിശോധനക്കിടെ സംശയാസ്പദമായ രീതിയില്‍ ഒരാളെ പിടികൂടി. ഗുലാം ജീലാനി റേഷി എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍ പിടികൂടിയിട്ടുണ്ട്.
പൊലീസും മറ്റ് സുരക്ഷാ സേനകളും നടത്തിയ പരിശോധനയില്‍ തംഗ്മാര്‍ഗിലെ ബദര്‍കോട്ട് വനമേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്‍ഐഎ സ്ഥലം സന്ദര്‍ശിക്കും. സംഭവസ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. ഫോറന്‍സിക് തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിക്കും.
ഇന്നലെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ സംഘം നാക്കയില്‍ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ ജവാന്മാര്‍ അനന്ത്നാഗിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.