ആ പറഞ്ഞത് അന്വർഥമായി; ബിഹാറിൽ അടിതെറ്റി പ്രശാന്ത് കിഷോർ; ചലനമുണ്ടാക്കാനാകാതെ ജൻ സുരാജ് പാർട്ടി

അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും മുൻ ഐപിഎസുകാരും ഉൾപ്പെടെ പ്രമുഖരെ സ്ഥാനാർഥികളാക്കിയാണ് ജെഎസ്പി ശക്തി തെളിയിക്കാൻ തുനിഞ്ഞിറങ്ങിയത്.

Update: 2025-11-14 07:41 GMT

Photo| Special Arrangement

പട്ന: ബിഹാറിൽ നിർണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച് രം​ഗത്തെത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കടുത്ത നിരാശ. രാഷ്ട്രീയത്തിൽ പുതുമുഖമായ പാർട്ടികളൊക്കെ സാധാരണ കുറച്ച് സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ‌ജനസ്വീകാര്യത പരീക്ഷിക്കുകയാണ് ചെയ്യുക. എന്നാൽ അത്തരം പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ, 243 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയാണ് പ്രശാന്ത് കിശോർ ബിഹാർ അങ്കത്തിന് ഇറങ്ങിയത്. എന്നാൽ എവിടെയും ചലനമുണ്ടാക്കാനായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

150 സീറ്റിനു മുകളിൽ കിട്ടുമെന്നും അതിൽ കുറഞ്ഞുള്ളതെല്ലാം പരാജയമായി കണക്കാക്കുമെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. ആ പ്രതീക്ഷ കൊണ്ടാണ് ഇരു മുന്നണികളുടെയും ഭാ​ഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാനും പാർട്ടി തീരുമാനിച്ചത്. അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും മുൻ ഐപിഎസുകാരും ഉൾപ്പെടെ പ്രമുഖരെ സ്ഥാനാർഥികളാക്കിയാണ് ജെഎസ്പി ശക്തി തെളിയിക്കാൻ തുനിഞ്ഞിറങ്ങിയത്. മധ്യവർഗ വോട്ടുകളായിരുന്നു ലക്ഷ്യം. ദർഭംഗ, ജോകിഹട്ട് (അരാരിയ), മർഹൗറ (സരൺ), ചിരായ (കിഴക്കൻ ചമ്പാരൻ) എന്നിവിടങ്ങളിൽ ഉൾപ്പെടെ 15 സീറ്റുകളിലെങ്കിലും ജെഎസ്പി ശക്തമായ പോരാട്ടം നടത്തുമെന്നായിരുന്നു വിലയിരുത്തലെങ്കിലും പരമാവധി അഞ്ചു സീറ്റ് വരെയാണ് അവർക്ക് പ്രവചിക്കപ്പെട്ടത്.

Advertising
Advertising

ചില എക്സിറ്റ് പോൾ പ്രവചനങ്ങൾ ജൻ സുരാജ് പാർട്ടി ഒറ്റ സീറ്റ് പോലും നേടില്ലെന്നും പറഞ്ഞിരുന്നു. അത് യാഥാർഥ്യമാക്കുന്നതാണ് ജനവിധി. ‘ഒന്നുകിൽ സിംഹാസനത്തിൽ, അല്ലെങ്കിൽ തറയിൽ’ എന്നാണ് ബിഹാറിലെ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ തീരുമാനിച്ച് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചത്. ഇതിൽ ആദ്യത്തെ വാക്കുകൾ പാലിക്കപ്പെട്ടില്ലെങ്കിലും രണ്ടാമത്തേത് അന്വർഥമായിരിക്കുന്നു. ഡോക്ടർമാരെയും അഭിഭാഷകരേയുമടക്കം ഉൾപ്പെടുത്തി സ്ഥാനാർഥികളുടെ പട്ടികയിലടക്കം വിവിധ തന്ത്രങ്ങൾ പയറ്റിയെങ്കിലും അതൊന്നും പാർട്ടിക്ക് ഗുണം ചെയ്തില്ല. എൻഡിഎയ്ക്കും മഹാ​ഗഡ്ബന്ധനും എതിരെ മൂന്നാം ബദലായി നിലയുറപ്പിച്ച ജെ‌എസ്‌പി തുടക്കത്തിൽ രണ്ട് മണ്ഡലങ്ങളിൽ ലീഡ് ചെയ്‌തെങ്കിലും പിന്നീട് പൂജ്യത്തിലേക്ക് താഴ്ന്നു.

തൊഴിൽ, കുടിയേറ്റം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് 48കാരനായ പ്രശാന്ത് കിഷോർ ബിഹാറിൽ വോട്ട് കീശയിലാക്കാൻ പ്രചാരണം നടത്തിയത്. പക്ഷേ, സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ ജൻ സുരാജിന് വലിയ സ്വീകാര്യത ലഭിച്ചില്ല. 243ൽ ഒരൊറ്റ സീറ്റിൽ പോലും ജൻ സുരാജിന് മുന്നിലെത്താനായില്ല. കിഷോർ മത്സരിച്ചില്ലെങ്കിലും, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജെ.പി സിങ്ങുൾപ്പെടെ പല പ്രമുഖരെയും ജെഎസ്പി രം​ഗത്തിറക്കിയിരുന്നു. എന്നാൽ അവർക്കൊന്നും ഒരു മുന്നേറ്റവും നടത്താനായില്ല.

ജെഎസ്പിക്ക് ജനസ്വീകാര്യത ലഭിക്കാതെ പോയതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന്, ബിഹാറിലുടനീളം രണ്ട് വർഷത്തെ പദയാത്രയ്ക്ക് ശേഷം 2024 ഒക്ടോബർ രണ്ടിനാണ് കിഷോർ പാർട്ടി സ്ഥാപിച്ചത്. അതായത് വെറും ഒരു വയസ് മാത്രമാണ് പാർട്ടിയുടെ പ്രായം. ബിഹാർ പോലുള്ള ഒരു സംസ്ഥാനത്ത് ഒരു പാർട്ടി കെട്ടിപ്പടുക്കാൻ ഈ കുറഞ്ഞ കാലയളവ് പര്യാപ്തമല്ല. ബിഹാറിൽ ആഴത്തിൽ വേരൂന്നിയ ജാതി ഘടനയ്ക്ക് മുകളിൽ ഉയർന്നുവരാൻ രാഷ്ട്രീയത്തിൽ ശിശുവായ ജൻ സുരാജിന് സാധിക്കില്ല എന്നതാണ് രണ്ടാമത്തേത്. കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇനിയെന്താവും പ്രശാന്ത് കിഷോറിന്റെ നീക്കം എന്നാണ് കണ്ടറിയേണ്ടത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News