മോഷണശ്രമം തടഞ്ഞ നടിയെ കവര്‍ച്ചാസംഘം വെടിവച്ചുകൊന്നു

സിനിമാ നിർമാതാവായ ഭർത്താവും രണ്ടു വയസ്സുള്ള മകളുമൊത്ത് കാറില്‍ പോവുമ്പോഴായിരുന്നു സംഭവം

Update: 2022-12-28 10:33 GMT

ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ കവര്‍ച്ചാസംഘത്തിന്‍റെ വെടിയേറ്റ് നടി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശിനിയായ നടി റിയാ കുമാരിയാണ് കൊല്ലപ്പെട്ടത്. റിയാ കുമാരി സിനിമാ നിർമാതാവായ ഭർത്താവ് പ്രകാശ് കുമാറും രണ്ടു വയസ്സുള്ള മകളുമൊത്ത് കാറില്‍ പോവുമ്പോഴായിരുന്നു സംഭവമെന്ന് വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

രാവിലെ ആറ് മണിയോടെ ബഗ്‌നാൻ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം കുടുംബം വണ്ടി നിർത്തി. താമസിയാതെ മൂന്നംഗ സംഘം കവര്‍ച്ചയ്ക്കായി സ്ഥലത്തെത്തി. ഭർത്താവിനെ സംഘത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നടിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്തു നിന്ന് ഉടന്‍ രക്ഷപ്പെടുകയും ചെയ്തു.

Advertising
Advertising

വിജനമായ സ്ഥലത്താണ് സംഭവം നടന്നത്. ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ പ്രകാശ് കുമാര്‍ മൂന്ന് കിലോമീറ്ററോളം ഓടിച്ചു. കുൽഗാച്ചിയ - പിർതാലയിലെ ഹൈവേയിൽ ചില പ്രദേശവാസികളെ കണ്ടപ്പോള്‍ അദ്ദേഹം വണ്ടിനിര്‍ത്തി. അവരുടെ സഹായത്തോടെ ഉലുബേരിയയിലെ എസ്‌സിസി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ എത്തിയപ്പോഴേക്കും റിയാ കുമാരിയുടെ മരണം സംഭവിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു- "ഞങ്ങൾ നടിയുടെ ഭർത്താവിനോട് സംസാരിച്ചു. മകൾ കുഞ്ഞായതിനാല്‍ സംസാരിച്ചില്ല. സഹായത്തിനായി പ്രകാശ് കുമാര്‍ സമീപിച്ച നാട്ടുകാരോടും ഞങ്ങൾ സംസാരിക്കും".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News