റെയിൽവെ ട്രാക്കിനരികിൽ ആനയ്ക്ക് സുഖപ്രസവം: രണ്ട് മണിക്കൂർ ട്രെയിൻ സർവീസ് നിർത്തിവെച്ച് അധികൃതർ
ജാര്‍ഖണ്ഡില്‍ പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉൾക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടിയാണ് പിടിച്ചിട്ടത്
റാഞ്ചി: റെയിൽവേ ട്രാക്കിൽ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചായിരുന്നു റെയില്‍വേയുടെ കരുതല്‍. ജാർഖണ്ഡില്‍ നിന്നാണ് റിപ്പോര്‍ട്ട്.
ഈസ്റ്റേൺ സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന ബർക്കകാന ഹസാരിബാഗ് സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. കൽക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സർവീസ് പുനരാരംഭിക്കാൻ കാത്തിരുന്നത്.
പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ ആനയുടെ പ്രസവ വീഡിയോ പങ്കുവച്ചു. മാത്രമല്ല ലോക്കോ പൈലറ്റിനെയും റെയിൽവേ അധികൃതരെയും മന്ത്രി പ്രശംസിക്കുകയും ചെയ്തു. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിൽ വന്യമൃഗങ്ങളോട് ദയ കാണിച്ച ജാർഖണ്ഡ് വനംവകുപ്പിനെ യാദവ് അഭിനന്ദിച്ചു. ഇങ്ങനെയുള്ള ഹൃദയസ്പർശിയായ സംഭവങ്ങൾ കാണുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി എക്സിൽ കുറിച്ചു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.
Watch Video