ക്രമസമാധാനം തടസപ്പെടുത്തിയെന്ന് ആരോപണം; ജമ്മു കശ്മീരിലെ ഏക എഎപി എംഎല്‍എ മെഹ്‌രാജ് മാലിക് അറസ്റ്റില്‍

എംഎല്‍എയെ ഇന്നലെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്

Update: 2025-09-09 02:52 GMT
Editor : Jaisy Thomas | By : Web Desk

ശ്രീനഗര്‍: പൊതു ക്രമസമാധാനം തടസപ്പെടുത്തിയെന്നാരോപിച്ച് ജമ്മു കാശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി എംഎല്‍ എ മെഹ്‌രാജ് മാലിക്കിനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്തതായി ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ ഭരണകൂടം അറിയിച്ചു. പിഎസ്എ പ്രകാരം, ക്രമസമാധാനം തടസപ്പെടുത്തുന്നത് ഒരാള്‍ക്ക് വിചാരണ ഇല്ലാതെ രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതനുസരിച്ച് ജമ്മുവില്‍ ആദ്യമായാണ് ഒരു സിറ്റിങ് എംഎല്‍എയെ ജയിലിലടക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദോഡയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍വീന്ദര്‍ സിംഗിനെതിരെ മോശം ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് മെഹ്‌രാജ് മാലിക്കിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എംഎല്‍എയെ ഇന്നലെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്.

Advertising
Advertising

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ ദോഡ നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ ഗജയ് സിങ് റാണയെ 4538 വോട്ടിന് മാലിക് പരാജയപ്പെടുത്തിയാണ് മാലിക് നിയമസഭയിലെത്തിയത്. ആം ആദ്മി പാര്‍ട്ടിക്ക് ജമ്മുവില്‍ ആദ്യ വിജയം നേടിക്കൊടുത്തതും മാലിക്കാണ്.

സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒമര്‍ അബ്ദുല്ലയ്ക്ക് പിന്തുണ നല്‍കിയ മാലിക് ഈ വര്‍ഷം ജൂണില്‍ ഒമര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷത്തേക്ക് മാറാനും തീരുമാനിച്ചിരുന്നു. മാലിക്കിനെതിരെ പിഎസ്എ ചുമത്തിയ നടപടിയെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റും എംഎല്‍എയുമായ ഹന്ദ്വാര സജാദ് ലോണ്‍ അപലപിച്ചു.

മാലിക്കിന്‍റെ അറസ്റ്റിനെ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും അപലപിച്ചു. “മെഹ്‌രാജ് മാലിക്കിനെ പി‌എസ്‌എ പ്രകാരം തടങ്കലിൽ വയ്ക്കുന്നതിന് ഒരു ന്യായീകരണവുമില്ല. അദ്ദേഹം പൊതു സുരക്ഷയ്ക്ക് ഭീഷണിയല്ല, ഈ അപകീർത്തികരമായ നിയമം ഉപയോഗിച്ച് അദ്ദേഹത്തെ തടങ്കലിൽ വയ്ക്കുന്നത് തെറ്റാണ്. തെരഞ്ഞെടുക്കപ്പെടാത്ത സർക്കാരിന് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്കെതിരെ തങ്ങളുടെ അധികാരങ്ങൾ ഉപയോഗിക്കാൻ കഴിയുമെങ്കിൽ, ജമ്മു കശ്മീർ ജനത ജനാധിപത്യത്തിൽ തുടർന്നും വിശ്വസിക്കുമെന്ന് ആരെങ്കിലും എങ്ങനെ പ്രതീക്ഷിക്കും?” അദ്ദേഹം എക്സിൽ കുറിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News