"അവർ നിങ്ങളെ അവഹേളിക്കുകയാണെങ്കിൽ ഞങ്ങളോടൊപ്പം ചേരൂ"; നിതിൻ ഗഡ്കരിയോട് ഉദ്ധവ് താക്കറെ

ബിജെപിയുടെ മഹാരാഷ്ട്ര സ്ഥാനാർഥി പട്ടികയിൽ നിതിൻ ഗഡ്കരിയുടെ പേരില്ല

Update: 2024-03-13 04:58 GMT
Editor : ശരത് പി | By : Web Desk
Advertising

മഹാരാഷ്ട്ര: അവഹേളിക്കപ്പെടുന്നതായി തോന്നുകയാണെങ്കിൽ ഉടൻ ബി.ജെ.പി വിടാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട്, ശിവസേന തലവൻ ഉദ്ധവ് താക്കറെ. ഇത് രണ്ടാം തവണയാണ് നിതിൻ ഗഡ്കരിയോട് ഉദ്ധവ് താക്കറെ ബി.ജെ.പി വിടാൻ ആവശ്യപ്പെടുന്നത്.

മഹാരാഷ്ടയിലെ പൗസാദിൽ നടന്ന റാലിക്കിടെയായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമർശം. ബി.ജെ.പിയുടെ അഴിമതി ആരോപണം നേരിട്ട മുൻ കോൺഗ്രസ് നേതാവ് ക്രിപാശങ്കർ സിംങ് വരെ ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയാണ്, എന്നാൽ നിതിൻ ഗഡ്കരി സ്ഥാനാർഥി പട്ടികയിലില്ല.

' രണ്ട് ദിവസം മുമ്പ് നിതിൻ ഗഡ്കരിയോട് പറഞ്ഞത് ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. അവഹേളിക്കുകയാണ് എന്ന തോന്നൽ ഉണ്ടാവുകയാണെങ്കിൽ ഉടൻ ബി.ജെ.പി വിട്ട് മഹാ വികാസ് അഘാഡിയിൽ ചേരുക. ഞങ്ങൾ നിങ്ങളുടെ വിജയം സുനിശ്ചിതമാക്കും. ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ ഉറപ്പായും നിങ്ങളെ ഞങ്ങളുടെ മന്ത്രിയാക്കും, വളരേ പ്രാധാന്യമുള്ള വകുപ്പായിരിക്കും താങ്കൾക്ക് നൽകുക' - ഉദ്ധവ് താക്കറെയുടെ പ്രസംഗത്തിന്റെ പരിഭാഷ.

തെരുവിൽ കഴിയുന്ന ആൾ താങ്കളെ അമേരിക്കൻ പ്രസിഡന്റാക്കാം എന്നു പറയുന്നത് പോലെയാണ് ഉദ്ധവ് താക്കറെയുടെ വാഗ്ദാനമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് താക്കറെയെ പരിഹസിച്ചുകൊണ്ട് സംസാരിച്ചു.

ബി.ജെ.പിയുടെ മികച്ച നേതാക്കളിലൊരാളാണ് നിതിൻ ഗഡ്കരി. സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ചകൾ നടന്നതിന് ശേഷമേ സംസ്ഥാനത്ത് നിന്നുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ, എന്നും ഫട്‌നാവിസ് കൂട്ടിച്ചേർത്തു.

അതേസമയം പൗരത്വ ഭേദഗതി നിയമങ്ങളുടെ വിജ്ഞാപനത്തെ 'ഇലക്ഷൻ ജംല' (തെരഞ്ഞടുപ്പ് ഒത്തുചേരൽ) എന്നാണ് ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്.

ഹിന്ദുക്കളും, സിഖുകാരും, പാഴ്‌സികളും അയൽരാജ്യത്ത് നിന്നും വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നിയമം നടപ്പിലാക്കിയത് സംശയാസ്പദമാണെന്ന് താക്കറെ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് നാല് വർഷത്തിലേറെയായി, എന്നാൽ ജമ്മു കശ്മീരിൽ ഒരു തെരഞ്ഞെടുപ്പും നടന്നിട്ടില്ലെന്നും കശ്മീരി പണ്ഡിറ്റുകൾ ഇതുവരെ കശ്മീരിലെ വീടുകളിലേക്ക് മടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആദ്യം കശ്മീരി പണ്ഡിറ്റുകളെ കൊണ്ടുവന്നതിന് ശേഷം സി.എ.എ നടപ്പിലാക്കട്ടെ എന്നും താക്കറെ കൂട്ടിച്ചേർത്തു.

വരുന്ന തെരഞ്ഞെടുപ്പിൽ ഒരുവശത്ത് മതങ്ങളെ തമ്മിലടിപ്പിട്ട് ഭരണഘടന മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയും മറുവശത്ത് ദേശസ്‌നേഹികളുടെ ഇൻഡ്യാ മുന്നണിയുമാണുള്ളതെന്നും താക്കറെ പറഞ്ഞു. ഒരു വിഭാഗം 'ദേശ്' ഭക്തരും മറ്റൊരു വിഭാഗം 'ദ്വേഷ്' ഭക്ത(വിദ്വേഷം പ്രചരിപ്പിക്കുന്നവർ)രുമാണെന്നും താക്കറെ കൂട്ടിച്ചേർത്തു.

സംഘർഷഭരിതമായ മണിപ്പൂരിനെ സന്ദർശിക്കാൻ പ്രധാനമന്ത്രി ഇതുവരെ സമയം കണ്ടെത്തിയിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News