'ലഡാക്കിൽ ജുഡീഷ്യൽ അന്വേഷണം വേണം; ആവശ്യങ്ങൾ അം​ഗീകരിക്കുന്നത് വരെ ജയിലിൽ തുടരാൻ തയ്യാർ': സോനം വാങ്ചുക്ക്

ആവശ്യങ്ങൾ അം​ഗീകരിക്കുന്നത് വരേയ്ക്കും ജയിലിൽ തുടരാൻ താൻ തയ്യാറാണെന്നും ​ഗാന്ധിയൻ സമരമുറകളിലൂടെ ജനങ്ങൾ ഐക്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2025-10-05 16:31 GMT

സോനം വാങ്ചുക്ക് Photo| Special Arrangement  

ന്യൂഡൽ​ഹി: ലഡാക്ക് സംഘർഷത്തിൽ പൊലീസ് വെടിവെപ്പിനിടെ നാല് പേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരനേതാവ് സോനം വാങ്ചുക്ക്. ആവശ്യങ്ങൾ അം​ഗീകരിക്കുന്നത് വരേയ്ക്കും ജയിലിൽ തുടരാൻ താൻ തയ്യാറാണെന്നും ​ഗാന്ധിയൻ സമരമുറകളിലൂടെ ജനങ്ങൾ ഐക്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഡാക്ക് പ്രക്ഷോഭത്തെതുടർന്ന് അറസ്റ്റിലായ വാങ്ചുക് രാജസ്ഥാനിലെ ജയിലിൽ നിന്നാണ് സന്ദേശം അയച്ചത്.

'നിങ്ങളുടെ പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. മാനസികമായും ശാരീരികമായും ഞാൻ സുഖമായിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവർക്കും കുടുംബങ്ങൾക്കും വേണ്ടി ഹൃദയത്തിൽ നിന്നുള്ള അനുശോചനമറിയിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരോടൊപ്പം എന്റെ പ്രാർഥനകളുണ്ടാകും. നാലുപേരുടെ കൊലപാതകത്തിൽ അടിയന്തരമായ ജുഡീഷ്യൽ അന്വേഷണം ‍വേണം. അല്ലാത്തപക്ഷം, ഞാൻ ജയിലിൽ തന്നെ തുടരുന്നതായിരിക്കും. ലഡാക്കിന് സംസ്ഥാനപദവി അനുവ​ദിക്കുന്നതിനായി കെഡിഎയും സുപ്രിം ബോഡിയും അനുശാസിക്കുന്ന നടപടികളോടൊപ്പം ഇനിയും ഞാൻ നിങ്ങളോടൊപ്പം കാണും. അതോടൊപ്പം, ​ഗാന്ധിയൻ സമരമുറകളെ മുറുകെപ്പിടിച്ചുകൊണ്ട് സമാധാനവും ഐക്യവും നിലനിർത്തുന്നതിനായി ​ജനങ്ങൾ പ്രവർത്തിക്കേണ്ടതുമുണ്ട്.' വാങ്ചുക്ക് തന്റെ സന്ദേശത്തിൽ പറഞ്ഞു.

Advertising
Advertising

കാർ​ഗിൽ ഡെമോക്രാറ്റിക് അലയൻസ്(കെഡിഎ) നേതാവായ സജ്ജാദ് കാർ​ഗിലി എക്സിലൂടെയാണ് വാങ്ചുക്കിന്റെ സന്ദേശം പുറത്തുവിട്ടത്. ശനിയാഴ്ച ജോദ്പൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന വാങ്ചുക്കിനെ സന്ദർശിച്ച സഹോദരങ്ങളാണ് അദ്ദേഹത്തിന്റെ സന്ദേശം കൈമാറിയത്. ലഡാക്കിന് സംസ്ഥാനപദവി വേണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടികളാണ് സംഘർഷത്തിന് തുടക്കമിട്ടത്. സംഘർഷവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ആത്മരക്ഷാർഥം വെടിയുതിർത്തതാണെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികളടക്കം വിമർശിച്ച് രംഗത്തെത്തി. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങളുന്നയിച്ച് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നിരാഹാരത്തിലുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിലാണ് പൊലീസ് വെടിയുതിർത്തത്. സോനം വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നടക്കമുള്ള ആരോപണങ്ങൾ പൊലീസും ലഡാക്ക് ഭരണകൂടവുമുന്നയിച്ചിരുന്നു.പ്രതിഷേധക്കാർ ഒരു പാർട്ടി ഓഫീസിന് തീയിട്ടതോടെ മേഖല കൂടുതൽ അക്രമാസക്തമായി. ഇതിൽ നാലുപേർ കൊല്ലപ്പെടുകയും എൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News