കോര്‍പറേറ്റ് സംഭാവനയെല്ലാം ബിജെപിക്ക്; ടാറ്റ കൊടുത്തത് 757 കോടി, കരിമ്പട്ടികയിലായ മേഘയും കൊടുത്തു 175 കോടി
ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി ലഭിച്ച 3826 കോടി സംഭാവനയില്‍ 3157 കോടിയും ഭരണകക്ഷിക്ക്
ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയില്‍ 82 ശതമാനവും ബിജെപിക്ക്. ആകെ ലഭിച്ച 3826.35 കോടിയില്‍ 3157.65 കോടിയും ബിജെപിക്കാണ് ലഭിച്ചതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയതിന് ശേഷം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വന്‍കിട സംഭാവനകള്‍ സ്വീകരിക്കാനാകുക ഇലക്ടറല്‍ ട്രസ്റ്റ് വഴിയാണ്. എന്നാല്‍ ഇതിന്റെ കൃത്യമായ കണക്കുകള്‍ കാണിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസിന് ഇലക്ടറല്‍ ട്രസ്റ്റ് വഴി സംഭാവനയായി ലഭിച്ചത് 298.78 കോടിയാണ്. ആകെ സംഭാവനയുടെ 7.81 ശതമാനമാണിത്. തൃണമൂല്‍ കോണ്‍ഗ്രസിന് 102 കോടിയും ലഭിച്ചു. മറ്റ് ഒമ്പത് പാര്‍ട്ടികള്‍ക്കെല്ലാം കൂടി ലഭിച്ചത് 267.92 കോടി രൂപയാണ്.
രജിസ്റ്റര്‍ ചെയ്ത 20 ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെയാണ് കോര്‍പറേറ്റുകള്‍ക്ക് ഉള്‍പ്പെടെ സംഭാവനകള്‍ നല്‍കാന്‍ കഴിയുക. ഇതില്‍ 10 ട്രസ്റ്റുകള്‍ മാത്രമാണ് ലഭിച്ച സംഭാവനകളുടെ വിശദാംശം വെളിപ്പെടുത്തിയത്. 20 ട്രസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് വഴിയാണ്-2668.46 കോടി. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് വഴി 914.97 കോടിയും പാര്‍ട്ടികള്‍ക്ക് ലഭിച്ചു. ഇതില്‍ 83 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. അതായത്, ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ 757 കോടി രൂപയാണ് ബിജെപിക്ക് സംഭാവന നല്‍കിയത്.
എലവേറ്റഡ് അവന്യൂ റിയാലിറ്റി എന്ന കമ്പനിയാണ് ഏറ്റവും കൂടുതല്‍ സംഭാവന ഇക്കാലയളവില്‍ നല്‍കിയതെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു -500 കോടി. രണ്ടാമതുള്ള ടാറ്റ സണ്‍സ് 308.13 കോടി നല്‍കി. ടാറ്റ കണ്‍സള്‍ട്ടന്‍സി 217.62 കോടിയും മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 175 കോടിയും സംഭാവന നല്‍കി. കേരളത്തില്‍ ദേശീയപാത തകര്‍ന്നതുമായി ബന്ധപ്പെട്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ് മേഘ.
സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് സംഭാവന നല്‍കിയതില്‍ മുന്നില്‍-1225.43 കോടി. തെലങ്കാന-358.25 കോടി, ഹരിയാന-212.90 കോടി, പശ്ചിമ ബംഗാള്‍-203.85 കോടി, ഗുജറാത്ത്-200.50 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. കേരളത്തില്‍നിന്ന് 50 കോടിയാണ് സംഭാവനയായി പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. അഞ്ച് ട്രസ്റ്റുകള്‍ സംഭാവനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തിയത്. സംഭാവന വെളിപ്പെടുത്താന്‍ ബാക്കിയുള്ള ട്രസ്റ്റുകളും ഉടന്‍ കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് എഡിആര്‍ ആവശ്യപ്പെട്ടു.