എൻഐഎയ്ക്ക് ഇഷ്ടപ്പെട്ടില്ല; സ്റ്റാൻ സ്വാമിയെ പുകഴ്ത്തിയത് തിരിച്ചെടുത്ത് കോടതി

ജസ്റ്റിസ് എസ്എസ് ഷിൻഡെയുടെ അധ്യക്ഷതയിലുള്ള ബോംബെ ഹൈക്കോടതി ബെഞ്ചാണ് ദിവസങ്ങള്‍ക്കുമുന്‍പ് സ്റ്റാന്‍ സ്വാമിയെ പുകഴ്ത്തിപ്പറഞ്ഞത് തിരിച്ചെടുത്തത്

Update: 2021-07-23 12:13 GMT
Editor : Shaheer | By : Web Desk
Advertising

യുഎപിഎ ചുമത്തപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച വൈദികൻ സ്റ്റാൻ സ്വാമിയെ പ്രശംസിച്ചുകൊണ്ടുള്ള പരാമർശം പിൻവലിച്ച് കോടതി. എൻഐഎയുടെ എതിർപ്പിനെത്തുടർന്നാണ് ജസ്റ്റിസ് എസ്എസ് ഷിൻഡെയുടെ അധ്യക്ഷതയിലുള്ള ബോംബെ ഹൈക്കോടതി ബെഞ്ച് സ്വാമിയെ പുകഴ്ത്തിയത് തിരിച്ചെടുത്തത്.

ഭീമ-കൊറേഗാവ് കേസിൽ കസ്റ്റഡിയിൽ തുടരുന്നതിനിടെ ഈ മാസം അഞ്ചിനാണ് ആരോഗ്യനില വഷളായി പ്രശസ്ത വൈദികനും സാമൂഹിക പ്രവർത്തകനുമായ സ്റ്റാൻ സ്വാമി മരിക്കുന്നത്. സ്വാമിയുടെ മരണശേഷം കഴിഞ്ഞ തിങ്കളാഴ്ച വാദംകേൾക്കലിനിടെയാണ് ഹൈക്കോടതി ബെഞ്ച് അദ്ദേഹത്തെ വിശദമായി അനുസ്മരിച്ചത്. കേസുകാര്യങ്ങള്‍ക്കപ്പുറം സ്റ്റാൻ സ്വാമി സമൂഹത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മരണം പ്രതീക്ഷിച്ചില്ലെന്നും കോടതി പറഞ്ഞു.

എന്നാൽ, ഇന്ന് കേസിൽ വീണ്ടും വാദംകേൾക്കൽ നടക്കുന്നതിനിടെ എൻഐഎക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ(എഎസ്ജി) അനിൽ സിങ് കോടതിയുടെ നിരീക്ഷണങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. കോടതി പരാമർശത്തിലൂടെ എൻഐഎക്കെതിരെ മോശം അഭിപ്രായമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുമെന്നും എഎസ്ജി ആരോപിച്ചു. ഇതിനുള്ള മറുപടിയിലാണ് കോടതി പ്രശംസാവാക്കുകള്‍ പിന്‍വലിച്ചത്.

''നിയമപരമായ പ്രശ്‌നങ്ങൾ വേറെ കാര്യമാണെന്ന് പറഞ്ഞതാണ്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ആ വാക്കുകൾ തിരിച്ചെടുക്കുകയാണ്. ഞങ്ങളുടെ യത്‌നങ്ങളെല്ലാം സന്തുലിതമാകേണ്ടതുണ്ട്. ഞങ്ങളും മനുഷ്യരാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ... പെട്ടെന്ന് ഇത്തരം കാര്യങ്ങൾ ഞങ്ങൾക്കും സംഭവിക്കും..'' എഎസ്ജി അനിൽ സിങ്ങിനു മറുപടിയായി ജസ്റ്റിസ് ഷിൻഡെ പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News