പിതാവിന് ഇന്ദിര സ്ഥിരം ജഡ്ജിസ്ഥാനം നിഷേധിച്ചു; ചീഫ് ജസ്റ്റിസ് പദവിയിലേക്ക് മകൻ

അടിയന്തരാവസ്ഥക്കാലത്ത് ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജ് ആയിരുന്നു യു.യു ലളിതിന്‍റെ പിതാവ് യു.ആർ ലളിത്.

Update: 2022-08-04 13:24 GMT
Editor : abs | By : abs
Advertising

ന്യൂഡൽഹി: ജസ്റ്റിസ് യു.യു ലളിത് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുമ്പോൾ ചർച്ചയാകുന്നത് പിതാവ് യു.ആർ ലളിതിന്റെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട വിവാദം. അടിയന്തരാവസ്ഥയിൽ ചില  വിചാരണത്തടവുകാർക്ക് ജാമ്യം നൽകിയതിലുള്ള നീരസത്തിൽ പദവിയിൽ സ്ഥിരനിയമനം നിഷേധിക്കപ്പെട്ട ജഡ്ജിയായിരുന്നു യു.ആർ ലളിത്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട കാലത്ത് ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജ് ആയിരുന്നു യു.ആർ ലളിത്. ഇദ്ദേഹത്തെ സ്ഥിരം ജഡ്ജിയാക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാറിനും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ദിരാഗാന്ധി പ്രതികൂലമായ നിലപാടാണ് സ്വീകരിച്ചത്.

'അദ്ദേഹത്തിന് മറ്റൊരു കാലയളവ് നൽകുന്നത് ഞാൻ അംഗീകരിക്കില്ല' എന്നാണ് ഗാന്ധി നോട്ടിൽ എഴുതിയത്. ഇദ്ദേഹത്തിന് മാത്രമല്ല, അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് രംഗരാജൻ, ആർ അഗർവാൾ (മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാറിനെതിരെ ചുമത്തിയ മിസ നിയമം റദ്ദാക്കിയത് ഇവരുടെ ബഞ്ചാണ്) എന്നിവരും ഇന്ദിരയുടെ നീരസത്തിന് വിധേയരായി. അഡീഷണൽ ജഡ്ജായിരുന്ന ജസ്റ്റിസ് അഗർവാളിന് സ്ഥിരനിയമനം നൽകിയില്ല. ജസ്റ്റിസ് രംഗരാജനെ ഗുവാഹത്തി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.

എ.ബി വാജ്‌പേയി, എൽ.കെ അദ്വാനി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്ക് ജാമ്യം അനുവദിച്ച ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് സദാനന്ദ സ്വാമിയെ ഡൽഹിയിൽ നിന്ന് ഗുവാഹത്തി ഹൈക്കോടതിയിലേക്ക് മാറ്റി. ബഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ഡിഎം ചന്ദ്രശേഖറിന് അലഹബാദ് ഹൈക്കോടതിയിലേക്കായിരുന്നു മാറ്റം. 21 ജഡ്ജിമാരെയാണ് അടിയന്തരാവസ്ഥയിൽ നിര്‍ബന്ധപൂര്‍വ്വം സ്ഥലം മാറ്റിയത് എന്നാണ് നിയമമന്ത്രി ശാന്തി ഭൂഷൺ ലോക്‌സഭയെ അറിയിച്ചിരുന്നത്.

സ്ഥിരനിയമനം ലഭിക്കാതിരുന്ന യു.ആർ ലളിത് പിന്നീട് സുപ്രിംകോടതിയിൽ സീനിയർ അഭിഭാഷകനായി സേവനം ചെയ്തു. അച്ഛൻ അഡീഷണൽ ജഡ്ജി ആയിരുന്ന ബോംബെ ഹൈക്കോടതിയിലാണ് യു.യു ലളിത് പ്രാക്ടീസ് ആരംഭിക്കുന്നത്, 1983ൽ. 1986ൽ പ്രാക്ടീസ് ഡൽഹിയിലേക്ക് മാറ്റി. 2004ൽ സീനിയർ അഭിഭാഷകനായി. 2014 ആഗസ്ത് 13നാണ് സുപ്രിംകോടതി ജഡ്ജായി നിയമിതനായത്.

അഭിഭാഷകരിൽ നിന്ന് നേരിട്ട് സുപ്രിം കോടതി ജഡ്ജി ആയ ആറാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ലളിത്. എസ്.എം സിക്രി, എസ്.സി റോയ്, കുൽദീപ് സിംഗ്, എൻ. സന്തോഷ് ഹെഡ്ഡെ, റോഹിങ്ടൻ നരിമാൻ എന്നിവരാണ് ജസ്റ്റിസ് ലളിതിന് മുമ്പ് നേരിട്ട് സുപ്രീം കോടതി ജഡ്ജിമാരായ അഭിഭാഷകർ. ഇതിൽ ജസ്റ്റിസ് എസ്.എം. സിക്രി രാജ്യത്തെ പതിമൂന്നാമത്തെ ചീഫ് ജസ്റ്റിസ് (1971) ആയിരുന്നു. അഭിഭാഷകരിൽ നിന്ന് നേരിട്ട് സുപ്രിംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയാകും ജസ്റ്റിസ് ലളിത്.

ആഗസ്ത് 27ന് ജസ്റ്റിസ് യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 2022 നവംബർ എട്ടിന് വിരമിക്കും. 74 ദിവസമാണ് അദ്ദേഹം അധികാരക്കസേരയിൽ ഉണ്ടാകുക. കഴിഞ്ഞ വർഷം ഏപ്രിലിൽ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയിൽനിന്ന് ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുത്ത ജസ്റ്റിസ് എന്‍.വി രമണ 16 മാസമാണ് പദവിയിലിരുന്നത്.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാക്കിയ അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് യു.യു ലളിത്. അയോധ്യ കേസ് പരിഗണിക്കാൻ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രൂപീകരിച്ച ഭരണഘടന ബെഞ്ചിലും ജസ്റ്റിസ് ലളിത് അംഗമായിരുന്നു. എന്നാൽ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് വേണ്ടി യു.യു.ലളിത് ഹാജരായിരുന്നു. ഇത് സീനിയർ അഭിഭാഷകൻ രാജീവ് ധവാൻ ചൂണ്ടികാണിച്ചതോടെ ജസ്റ്റിസ് ലളിത് ബെഞ്ചിൽ നിന്ന് പിന്മാറുകയായിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News