ചാരവൃത്തി: പഹൽഗാം ആക്രമണത്തിന് മുമ്പ് യൂട്യൂബര്‍ ജ്യോതി മൽഹോത്ര കശ്മീരും പാകിസ്താനും സന്ദർശിച്ചിരുന്നെന്ന് പൊലീസ്

മകള്‍ നടത്തിയ യാത്രകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പിതാവ് ഹരീഷ് മൽഹോത്ര

Update: 2025-05-20 06:20 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാർ പറഞ്ഞു. ഏപ്രില്‍ 22 ലെ  പഹൽഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു. 

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം   12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാർ സ്വദേശിനിയാണ്.ജ്യോതിയുടെ   'ട്രാവൽ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനലിന്  ഏകദേശം നാല് ലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരുണ്ട്.450 ലധികം വീഡിയോകൾ ജ്യോതി തന്‍റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

Advertising
Advertising

പഹൽഗാം ആക്രമണത്തിന് പിന്നാലെ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ  ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച്  ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈൽ ഫോൺ ഫോറൻസിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താൻ യാത്രകൾക്ക് പുറമെ  ചൈന, ബംഗ്ലാദേശ് സന്ദർശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം, മകള്‍ അയല്‍രാജ്യത്തേക്ക് നടത്തിയ യാത്രകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ജ്യോതിയുടെ പിതാവ് ഹരീഷ് മൽഹോത്ര പറഞ്ഞു. മകളുടെ യൂട്യൂബ് ചാനലിനെക്കുറിച്ചോ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും ഹരീഷ് മൽഹോത്ര വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മകള്‍ ഡല്‍ഹിയിലേക്ക് പോകുന്നുണ്ടെന്ന് പറയാറുണ്ട്.മറ്റൊന്നും പറഞ്ഞിട്ടില്ല. വീട്ടില്‍ നിന്ന് വീഡിയോകള്‍ നിര്‍മിക്കാറുണ്ടെന്നും പിതാവ് പറഞ്ഞു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News