'അവരെന്റെ പിതാവിനെ പ്യൂണെന്നോ വേലക്കാരനെന്നോ വിളിച്ചോട്ടെ,കണക്കുകൾ നമുക്ക് മുന്നിലുണ്ടല്ലോ..;'; സ്മൃതിയെ ട്രോളി കിഷോരി ലാലിന്റെ മകൾ

തെരഞ്ഞെടുപ്പ് സമയത്ത് ഗാന്ധി കുടുംബത്തിന്റെ പ്യൂണെന്നും ഗുമസ്തനെന്നും വിളിച്ചായിരുന്നു ബി.ജെ.പിയുടെ പരിഹാസം

Update: 2024-06-06 10:29 GMT
Editor : ലിസി. പി | By : Web Desk

അമേഠി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഞെട്ടലിലാണ് കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി. 1.67 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ സ്മൃതിയെ തോൽപ്പിച്ചത്.2019ൽ രാഹുൽഗാന്ധിയെ അട്ടിമറിച്ച് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു ഇത്തവണയും സ്മൃതി മത്സരിക്കാനിറങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥിയായ കിഷോരി ലാലിനെ പുഷ്പം പോലെ തോൽപിക്കാമെന്ന സ്മൃതിയുടെ എല്ലാ കണക്കുകൂട്ടലുകളും ഇത്തവണ പിഴച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് ഗാന്ധി കുടുംബത്തിന്റെ പ്യൂണെന്നും ഗുമസ്തനെന്നും വിളിച്ചായിരുന്നു ബി.ജെ.പിയുടെ പരിഹാസം.തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കിഷോരി ലാലിനെ പരിഹസിച്ചിരുന്ന സ്മൃതിക്ക് ഇപ്പോൾ തക്ക മറുപടി നൽകിയിരിക്കുകയാണ് കിഷോരിയുടെ മകൾ അഞ്ജലി. തന്റെ പിതാവിനെ പ്യൂണെന്നോ വേലക്കാരനെന്നോസ്മൃതിക്ക് ഇറാനിക്ക് വിളിക്കാം...എന്നാൽ കണക്കുകൾ നമ്മുടെ മുന്നിലുണ്ടെന്ന് അഞ്ജലി പറഞ്ഞു.കിഷോരിന്റെ വിജയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കിഷോരിയുടെ മകളുടെ മറുപടി.ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയായ എക്‌സിലടക്കം പ്രചരിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയെ സ്മൃതി അഭിനയിച്ചു കാട്ടിയിട്ടുണ്ട്. അത് നന്നായിരിക്കുന്നുവെന്നും അവർ നല്ല നടിയാണെന്നും അഞ്ജലി പറഞ്ഞു.

Advertising
Advertising


അതേസമയം,തന്റെ വിജയം അമേഠിയിലെ ജനങ്ങളുടെയും ഗാന്ധി കുടുംബത്തിന്റെയും വിജയമാണിതെന്നായിരുന്നു കിഷോരി ലാൽ ശർമ്മയുടെ പ്രതികരണം. ഗാന്ധി കുടുംബം തന്നിൽ അർപ്പിച്ച വിശ്വാസമാണ് അമേഠിയെന്നും അതുകൊണ്ട് തന്നെ വിശ്വാസ ലംഘനം നടത്തില്ലെന്നും കിഷോരി പറഞ്ഞു.രാഷ്ട്രീയത്തിൽ പ്രതികാരമില്ലെന്നും അത് സ്‌പോർട്‌സ്മാൻഷിപ്പ് പോലെയാണെന്നും ശർമ്മ പ്രതികരിച്ചിരുന്നു. എന്നാൽ അമേഠിയിലെ ജനവിധി അംഗീകരിക്കുന്നുവെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു. 

പതിറ്റാണ്ടുകളായി സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ പാർട്ടി നേതാക്കൾ വിജയകരമായി മത്സരിച്ച അമേഠി കോൺഗ്രസ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. 2019ൽ രാഹുലിനെതിരെ സ്മൃതി ഇറാനി വിജയിക്കുന്നതുവരെ ഈ സീറ്റ് ഗാന്ധി കുടുംബത്തിൻ്റെ കോട്ട എന്നാണ് അറിയപ്പെട്ടത്.

രാഹുലിന്‍റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെയും മണ്ഡലമായിരുന്നു ഇത്. 1981 മുതല്‍ മരിക്കുന്ന 1991 വരെ രാജീവ് ഗാന്ധി പ്രതിനിധീകരിച്ചിരുന്നത് അമേഠിയെ ആയിരുന്നു. 1999 മുതല്‍ സോണിയ അമേഠിയെ പ്രതിനിധീകരിച്ചു. പിന്നീട് 2004ല്‍ രാഹുലിന് കൈമാറി.എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത്.

പഞ്ചാബ് ലുധിയാന സ്വദേശിയായ കിശോരി ലാല്‍ ശര്‍മ എന്ന കെ.എല്‍ ശര്‍മ ഗാന്ധി കുടുംബത്തിൻ്റെ അടുത്ത അനുയായിയും വിശ്വസ്തനുമാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു ശര്‍മ. 1991-ൽ രാജീവ് ഗാന്ധിയുടെ മരണശേഷം ഗാന്ധി കുടുംബവുമായുള്ള ശർമയുടെ ബന്ധം കൂടുതൽ ദൃഢമായി.അമേഠിയില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്. 1983ലാണ് കിഷോരി ലാൽ ശർമ ആദ്യമായി അമേഠിയിൽ എത്തുന്നത്. അന്ന് തൊട്ട് മണ്ഡലത്തിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. 1999ല്‍ അമേഠിയിലെ സോണിയയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തില്‍ ശര്‍മ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മകൻ രാഹുലിന് വേണ്ടി സോണിയാ ഗാന്ധി സീറ്റ് ഒഴിഞ്ഞതിന് ശേഷം അമേഠിയിലും റായ്ബറേലിയിലും പാർട്ടി കാര്യങ്ങൾ നിയന്ത്രിച്ചത് ശർമയാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News