മുൻ വിദേശകാര്യ മന്ത്രി നട്‌വർ സിങ് അന്തരിച്ചു

ശനിയാഴ്ച രാത്രി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം.

Update: 2024-08-11 03:09 GMT

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്‌വർ സിങ് (93) അന്തരിച്ചു. ശനിയാഴ്ച രാത്രി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു.

മികച്ച എഴുത്തുകാരനും ചരിത്രകാരനുമായിരുന്ന നട്‌വർ സിങ് അറിയപ്പെടുന്ന നയതന്ത്രജ്ഞനുമാണ്. 1953ൽ ഇന്ത്യൻ ഫോറിൻ സർവീസിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1984ൽ രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സർവീസിൽനിന്ന് വിരമിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ സ്റ്റീൽ വകുപ്പ് സഹമന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് 1986ൽ വിദേശകാര്യ സഹമന്ത്രിയായി. സോവിയറ്റ് അധിനിവേശത്തിന്റെ അവസാനകാലത്ത് അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിക്കാൻ അദ്ദേഹം നടത്തിയ നയതന്ത്ര ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

Advertising
Advertising

1953ൽ തന്റെ 22-ാം വയസ്സിലാണ് നട്‌വർ സിങ് ഐ.എഫ്.എസ് നേടിയത്. ചെറുപ്രായത്തിൽ തന്നെ ചൈന, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് വിവിധ ദൗത്യസംഘങ്ങളുടെ ലെയ്‌സൺ ഓഫീസറായി പ്രവർത്തിച്ചിരുന്നു. 1966 മുതൽ 1977 വരെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓഫീസിൽ പ്രവർത്തിച്ചു. പിന്നീട് പോളണ്ടിൽ അംബാസിഡറായി. അടിയന്തരാവസ്ഥക്കാലത്ത് യു.കെയിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരുന്നു. 1982-84 കാലത്ത് പാകിസ്താനിലും ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്.

2004ൽ ഒന്നാം യു.പി.എ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു. 'എണ്ണക്ക്് ഭക്ഷണം' അഴിമതിയിൽ നട്‌വർ സിങ്ങിന്റെ മകൻ അടക്കമുള്ള അടുത്ത ബന്ധുക്കൾ ആരോപണവിധേയരായതോടെ 2005 ഡിസംബർ ആറിന് മന്ത്രിസ്ഥാനം രാജിവച്ചു. 1984ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News