മലിനീകരണം: ജലാശയങ്ങൾക്ക് സമീപം സോപ്പും ഷാംപൂവും നിരോധിച്ച് കർണാടക

ഭക്തർ പരമ്പരാഗതമായി കുളിക്കുന്ന തീർഥാടന കേന്ദ്രങ്ങളിലെ ജലാശയങ്ങൾക്കും നിർദേശം ബാധകമാകും.

Update: 2025-03-11 15:36 GMT

ബെം​ഗളൂരു: മലിനീകരണം തടയാൻ ജലാശയങ്ങൾക്ക് സമീപം സോപ്പും ഷാംപൂവും നിരോധിച്ച് കർണാടക സർക്കാർ. നദികളുടെയും കുളങ്ങളുടേയുമുൾപ്പെടെ 500 മീറ്റർ പരിധിയിൽ സോപ്പും ഷാംപൂവും വിൽക്കരുതെന്നാണ് പുതിയ ഉത്തരവ്. വനം- പരിസ്ഥിതി മന്ത്രി ഈശ്വർ ഖാന്ദ്രെയാണ് കർണാടകയിലെ ശുദ്ധജല സ്രോതസുകളിലെ മലിനീകരണം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി സോപ്പുകളും ഷാംപൂവും വിലക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പാരിസ്ഥിതിക ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിർദേശം, പ്രത്യേകിച്ച് ഭക്തർ പരമ്പരാഗതമായി കുളിക്കുന്ന തീർഥാടന കേന്ദ്രങ്ങളിലെ ജലാശയങ്ങൾക്കും ബാധകമാകും. ഉപേക്ഷിക്കപ്പെട്ട സോപ്പുകളും ഷാംപൂകളും ഇവയുടെ കവറുകളും ഉണ്ടാക്കുന്ന പരിസ്ഥിതി നാശം വലുതാണെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു.

Advertising
Advertising

'ക്ഷേത്രങ്ങൾക്ക് സമീപമുള്ള നദികളിൽ ഭക്തർ കുളിക്കുകയും ഷാംപൂ കവറുകൾ, ബോട്ടിലുകൾ, ഉപയോഗിക്കാത്ത സോപ്പുകൾ എന്നിവ സെൻസിറ്റീവ് പ്രദേശത്ത് നിക്ഷേപിക്കുകയും ചെയ്യുന്നു. തീർഥാടന കേന്ദ്രങ്ങളിലെ നദി, തടാകം, ടാങ്ക് തുടങ്ങിയവയിൽ നിന്ന് 500 മീറ്റർ അകലെ സോപ്പുകൾ, ഷാംപൂ, മറ്റ് (മലിനീകരണ) വസ്തുക്കൾ എന്നിവയുടെ വിൽപ്പന നിയന്ത്രിക്കാൻ ഉദ്യോ​ഗസ്ഥരോട് നിർദേശിക്കുന്നു. അതുപോലെ, ഭക്തർ തങ്ങളുടെ വസ്ത്രങ്ങൾ വെള്ളത്തിൽ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കണം'- മന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ കർണാടകയിലെ 17 നദീതീരങ്ങൾ മലിനമാണ്. ഗാർഹിക മലിനജലമാണ് പ്രധാന പ്രശ്നം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്ഥിതി മറിച്ചല്ല. ഷാംപൂവിന്റെയും സോപ്പിന്റെയും അവശിഷ്ടങ്ങളും അതിലെ രാസവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും ജലത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ഇത് ജലജീവികൾക്കും ദൈനംദിന ആവശ്യങ്ങൾക്കായി ജലസ്രോതസുകളെ ആശ്രയിക്കുന്നവർക്കും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ജനങ്ങൾക്കിടയിൽ അവബോധം വ്യാപിപ്പിക്കാനും അവർ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ചുമതല സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ജലാശയങ്ങളുടെ സംരക്ഷണത്തിനാണ് മുൻഗണന നൽകുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.  

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News