ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവ്; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കർണാടക

വെള്ളിയാഴ്ച ചേരുന്ന ഉന്നതതലയോഗത്തിന് ശേഷമായിരിക്കും തീരുമാനം

Update: 2022-01-19 09:09 GMT
Editor : Lissy P | By : Web Desk

കർണാടകയിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ . കോവിഡിന്റെ നിലവിലെ തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കേസുകളുടെ എണ്ണം കുറവാണ്. അതിനാൽ, കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതാണ് നല്ലതെന്ന് അഭിപ്രായമുണ്ട്. വിദഗ്ധർ അത് പരിശോധിച്ചുവരികയാണ്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് സമഗ്രമായമായി ചർച്ച ചെയ്യും. ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertising
Advertising

വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. പിന്നാക്ക ജില്ലകളിൽ വാക്സിനേഷൻ യജ്ഞം ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ബൊമ്മൈ പറഞ്ഞു. 15 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും വാക്‌സിനേഷൻ നൽകുന്നതിനാണ് ഊന്നൽ നൽകുന്നത്. രോഗബാധിതരിൽ 94% പേരും ഹോം ഐസൊലേഷനിൽ ആയതിനാൽ ആരോഗ്യ വകുപ്പ് അവരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യണമെന്നും ബൊമ്മൈ പറഞ്ഞു. കർണാടകയിൽ ഫെബ്രുവരിയിൽ കൊവിഡ് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ സംസ്ഥാനത്ത് കൊവിഡ് തരംഗം ഉയർന്നേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും നിയമനടപടി സ്വീകരിക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. ഒരു വ്യക്തിയോടോ സംഘടനയോടോ ഒരു പക്ഷപാതവും ഉണ്ടാകില്ലെന്നും ബൊമ്മൈ വ്യക്തമാക്കി. കഴിഞ്ഞ 11-12 ദിവസമായി ബൊമ്മൈ ഹോം ക്വാറന്റൈനിലായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. അതിനാൽ ഇന്ന് മുതൽ എന്റെ ജോലിയിലേക്ക് മടങ്ങുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News