വീണ്ടും ദുരഭിമാനക്കൊല; പതിനേഴുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ശാലിനി മരിച്ചുവെന്ന് ഉറപ്പായപ്പോൾ സുരേഷും ബേബിയും മൃതദേഹം ഒരു ഇരുചക്രവാഹനത്തിൽ അടുത്ത ഗ്രാമമായ മെല്ലഹള്ളിയിലെത്തിച്ച് ഉപേക്ഷിച്ചു

Update: 2022-06-10 10:53 GMT
Editor : Dibin Gopan | By : Web Desk
Advertising

ബംഗളൂരു: ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് പിതാവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ മൈസുരു ജില്ലയിലാണ് സംഭവം. പെരിയപട്ടണയിൽ രണ്ടാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട ശാലിനി കർണാടകയിലെ വൊക്കലിഗ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പെൺകുട്ടിയുടെ കുടുംബം. സമീപപ്രദേശത്തെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി ശാലിനി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ മഞ്ജുനാഥിന്റെ പേരിൽ പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് സ്റ്റേഷനിൽ ഹാജരായ ശാലിനി, താൻ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടീലേക്ക് പോകില്ലെന്നും പറഞ്ഞതിനാൽ പൊലീസ് ശാലിനിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് ശാലിനി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാർ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ചൊവ്വാഴ്ച ഇക്കാര്യത്തിൽ വീണ്ടും തർക്കമുണ്ടായപ്പോൾ താൻ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശാലിനി പറഞ്ഞു. ഇതിൽ പ്രകോപിതനായി പിതാവ് സുരേഷ് പെൺകുട്ടിയുടെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ശാലിനിയെ ഉണർത്താൻ അമ്മ ബേബി ശ്രമിച്ചങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ശാലിനി മരിച്ചുവെന്ന് ഉറപ്പായപ്പോൾ സുരേഷും ബേബിയും മൃതദേഹം ഒരു ഇരുചക്രവാഹനത്തിൽ അടുത്ത ഗ്രാമമായ മെല്ലഹള്ളിയിലെത്തിച്ച് ഉപേക്ഷിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് കുറ്റമേറ്റു പറഞ്ഞ് കീഴടങ്ങുകയായിരുന്നു. താൻ കൊല്ലപ്പെട്ടാൽ അതിന് ഉത്തരവാദി മഞ്ജുനാഥ് ആയിരിക്കില്ലെന്നും പിതാവ് തന്നെ നിരന്തരം അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുന്നെന്നും അദ്ദേഹത്തിന് മകളെക്കാൾ വലുത് ജാതിയാണെന്നും ചൂണ്ടിക്കാട്ടി ശാലിനി പൊലീസിന് കത്തു നൽകിയിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News