ജില്ല പഞ്ചായത്ത് ഓഫീസിലെ ഡ്രൈവർ ജീവനൊടുക്കി; ബിജെപി എംപിക്കെതിരെ ആത്മഹത്യാ കുറിപ്പ്
കൈക്കൂലിക്കായി 25 ലക്ഷം രൂപ വായ്പയെടുത്ത് നൽകിയെങ്കിലും മുൻ മന്ത്രികൂടിയായ സുധാകർ ജോലി നൽകിയില്ലെന്ന് കത്തിൽ പറയുന്നു
മംഗളൂരു : ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് ചിക്കബെല്ലാപൂർ ജില്ലാ പഞ്ചായത്ത് ചീഫ് അക്കൗണ്ടന്റിന്റെ ഡ്രൈവർ ആത്മഹത്യ ചെയ്തു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കെ.ബാബുവാണ് (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തിൽ തൂങ്ങിമരിച്ചത്.
ചിക്കബെല്ലാപൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചപ്പോൾ ബാബുവിന്റെ മരണക്കുറിപ്പ് കണ്ടെത്തി. എംപി ഡോ. കെ. സുധാകറും അനുയായികളായ നാഗേഷ് എൻ., മഞ്ജുനാഥ് എന്നിവരുമാണ് ആത്മഹത്യക്ക് കാരണമെന്ന് അതിൽ പറയുന്നു.
"സുധാകർ സംസ്ഥാന മന്ത്രിയായിരുന്ന കാലത്ത് നാഗേഷും മഞ്ജുനാഥും എനിക്ക് സ്ഥിരമായ സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ അതിന് 40 ലക്ഷം രൂപ നൽകണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്റെ കൈവശമുള്ള എല്ലാ പണത്തിനും പുറമേ, 25 ലക്ഷം രൂപ വായ്പയെടുത്ത് അവർക്ക് പണം നൽകി. എന്നാൽ നാഗേഷും മഞ്ജുനാഥും എനിക്ക് ജോലി തന്നില്ല," എന്ന് ഡ്രൈവർ തന്റെ കുറിപ്പിൽ പറയുന്നു.
എംപിക്കെതിരായ ഗുരുതരമായ ആരോപണമാണിതെന്ന് ചിക്കബെല്ലാപൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. എം.സി. സുധാകർ അഭിപ്രായപ്പെട്ടു. വിഷയം അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.