ഹണിമൂൺ പാതിവഴിയിൽ നിർത്തി മടങ്ങി! ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ച നിലയിൽ; ബംഗളൂരുവിലെ നവദമ്പതികളുടെ മരണത്തിൽ ദുരൂഹത
കൂടെയുണ്ടായിരുന്ന സൂരജിന്‍റെ അമ്മ ജയന്തിയെ ആത്മഹത്യാ ശ്രമത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
ബംഗളൂരു: ബംഗളൂരുവിൽ നവവധു ഗാനവിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സൂരജ് ശിവണ്ണയും(36) മരിച്ച നിലയിൽ. ശനിയാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സൂരജിന്‍റെ അമ്മ ജയന്തിയെ ആത്മഹത്യാ ശ്രമത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ഗാനവി ജീവനൊടുക്കിയത്. ഇതിന് പിന്നാലെ മകളുടെ മരണത്തിൽ സൂരജിന് പങ്കുണ്ടെന്ന് ആരോപിച്ച് ഗാനവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും യുവാവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 29ന് ബംഗളൂരുവിൽ വച്ചായിരുന്നു സൂരജിന്‍റെയും ഗാനവിയുടെയും വിവാഹം. നവംബർ 23ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വെച്ച് ഗംഭീരമായ റിസപ്ഷനും നടത്തിയിരുന്നു. ഇതിന് പിന്നാലെ ദമ്പതികൾ ഹണിമൂണിനായി ശ്രീലങ്കയിലേക്ക് പറന്നു. യാത്രക്കിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മധുവിധു വേണ്ടെന്ന് വച്ച് കഴിഞ്ഞ ആഴ്ച ബംഗളൂരുവിലേക്ക് തിരികെ മടങ്ങുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ഗാനവി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടനെ ആശുപത്രിയൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. വെന്‍റിലേറ്ററിലായിരുന്ന യുവതി വ്യാഴാഴ്ചയാണ് മരിച്ചത്.
ഗാനവിയുടെ മരണത്തിന് പിന്നാലെ സൂരജിനെതിരെ കുടുംബം രംഗത്തെത്തി. സൂരജും കുടുംബവും ഗാനവിയെ സ്ത്രീധനത്തിന്‍റെ പേരിൽ പീഡിപ്പിച്ചിരുന്നതായി ഗാനവിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. വിവാഹത്തിനായി 40 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നും എന്നാൽ വിവാഹശേഷം ക്രൂരമായ മാനസിക പീഡനമാണ് ഗാനവി നേരിട്ടതെന്നും കുടുംബം ആരോപിക്കുന്നു.സൂരജിന്‍റെ കുടുംബത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍തൃവീടിന് മുന്നിൽ പ്രതിഷേധവും നടത്തി. ഇതോടെ സൂരജും അമ്മ ജയന്തിയും നാഗ്പൂരിലേക്ക് പോവുകയായിരുന്നു. വാര്‍ധ റോഡിലെ ഒരു ഹോട്ടലിൽ വച്ചാണ് സൂരജ് ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ സഞ്ജയ് ശിവണ്ണ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.