മുംബൈ: മഹാരാഷ്ട്രയിൽ ക്രിസ്മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കവെ മലയാളി വൈദികനെയും ഭാര്യയേയും അറസ്റ്റ് ചെയ്ത് പൊലീസ്. നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയാണ് ബേനോഡ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർക്കൊപ്പം രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരേയും കസ്റ്റഡിയിലെടുത്തു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന. യഥാർഥ കാരണം വ്യക്തമായിട്ടില്ല.
പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവർ ക്രിസ്മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ പോയത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദർ സുധീർ തിരുവനന്തപുരം അമരവിള സ്വദേശിയാണ്. നേരത്തെ മറ്റ് സംസ്ഥാനങ്ങളിലും മലയാളി വൈദികരെയും കന്യാസ്ത്രീകളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമർശനവുമായി ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് സഭാ അധ്യക്ഷന്മാർ വിമർശനവുമായി രഗത്തെത്തിയത്. ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞിരുന്നു.
ആക്രമണങ്ങൾ തടയുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകാത്തത് പ്രതിഷേധാർഹമെന്ന് സിഎസ്‌ഐ സഭ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനും പ്രതികരിച്ചു. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമങ്ങൾ ഉടൻ നിർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യണമെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യ മാനദണ്ഡങ്ങളെക്കുറിച്ചും പൊലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും പരിശീലനം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. നാഷണൽ കോഡിനേറ്റർ എ.സി മിഖേയലാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്.
ഒക്ടോബറിൽ മധ്യപ്രദേശിൽ, നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. മലയിൻകീഴ് സ്വദേശിയായ ഫാദർ ഗോഡ്‌വിനാണ് അറസ്റ്റിലായത്. സിഎസ്‌ഐ സഭാംഗമായ ഫാദർ ഗോഡ്‌വിൻ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ജൂലൈയിൽ ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു സീറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരെ അറസ്റ്റ് ചെയ്തത്. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ ഇവരെ ബജ്രംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ച് പ്രതിഷേധിക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു.