​ഗാന്ധി കുടുംബത്തിൽ ഇനി കല്യാണമേളം; പ്രിയങ്കാ ​ഗാന്ധിയുടെ മകൻ വിവാഹിതനാകുന്നു; ആരാണ് വധുവായ അവിവ ബേ​ഗ്?

ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്.

Update: 2025-12-30 15:07 GMT

ന്യൂഡൽഹി: കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയുടെയും വ്യവസായിയായ റോബർട്ട് വാദ്രയുടെയും മകൻ റൈഹാൻ വാദ്ര വിവാഹിതനാകുന്നു. ഡൽഹി സ്വദേശിനിയായ അവിവ ബേ​ഗാണ് വധു. സ്കൂൾ കാലം മുതൽ പരസ്പരം അറിയാവുന്ന റൈഹാനും അവിവയും തമ്മിൽ ഏഴ് വർഷത്തോളമായി പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

അടുത്ത ബന്ധം പുലർത്തുന്ന ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്. മൂന്ന് ദിവസം മുമ്പ് അവിവ ഇൻസ്റ്റ​ഗ്രാമിൽ അപ്‌ലോഡ്‌ ചെയ്ത റൈഹാനൊപ്പമുള്ള ചിത്രം ഇപ്പോൾ ലവ് ഇമോജികളോടെ 'ഹൈലൈറ്റ്സ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Advertising
Advertising

പത്ത് വയസ് മുതൽ ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 25കാരനായ റൈഹാൻ വൈൽഡ്ലൈഫ്, സ്ട്രീറ്റ്, ​കൊമേഴ്സ്യൽ മേഖലകളിലാണ് പ്രധാനമായും കാമറ ചലിപ്പിക്കുന്നത്. ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിലായിരുന്നു ആദ്യ സോളോ എക്സിബിഷൻ. സ്കൂളിലെ ക്രിക്കറ്റ് മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റതോടെ റൈഹാൻ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുകയും അതിൽ കഴിവ് തെളിയിക്കുകയും ചെയ്തു.

ഡൽഹിയിൽ പ്രാഥമിക വിദ്യാഭ്യാസവും ഡെറാഡൂണിലും ലണ്ടനിലുമായി തുടർ പഠനവും പൂർത്തിയാക്കിയ റൈഹാൻ പൊതുപരിപാടികളിൽ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. 

ആരാണ് അവിവ ബേ​ഗ്?

ഡൽഹി ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫറാണ് അവിവ. ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ പഠിച്ച അവിവ ഡൽഹിയിലെ മോഡേൺ സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഫോട്ടോഗ്രാഫിക് സ്റ്റുഡിയോയും നിർമാണ കമ്പനിയുമായ അറ്റ്ലിയർ 11ന്റെ സഹസ്ഥാപകയാണ്.


മെത്തേഡ് ഗാലറി (2023)യിലെ 'യു കാന്റ് മിസ് ദിസ്', ഇന്ത്യ ആർട്ട് ഫെയർ യങ് കലക്ടർ പ്രോഗ്രാമിന്റെ (2023) 'യു കാന്റ് മിസ് ദിസ്', ദി ഇല്ല്യൂസറി വേൾഡ് അറ്റ് ദി ക്വാറം ക്ലബ് (2019), ഇന്ത്യ ഡിസൈൻ ഐഡി, കെ2 ഇന്ത്യ (2018) എന്നീ വേദികളിൽ അവർ തന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

മീഡിയ ആൻഡ് കമ്യൂണിക്കേഷൻ മേഖലയിലും കൈവച്ചിട്ടുള്ള അവിവ, പ്ലസ് റിമിൽ ഫ്രീലാൻസ് പ്രൊഡ്യൂസറാണ്. പ്രൊപഗണ്ടയിൽ ജൂനിയർ പ്രോജക്ട് മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആർട്ട് ചെയിൻ ഇന്ത്യയിൽ മാർക്കറ്റിങ് ഇന്റേൺ ആയി ജോലി ചെയ്തിട്ടുള്ള അവർ, ഐ-പാർലമെന്റിൽ ദി ജേണലിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്നു. വെർവ് മാഗസിൻ ഇന്ത്യയിലും ക്രിയേറ്റീവ് ഇമേജ് മാഗസിനിലും അവിവ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

കലാജീവിതം ആരംഭിക്കും മുമ്പ് ഒരു കായികതാരമായിരുന്നു അവിവ. മുൻ ദേശീയതല ഫുട്ബോൾ പ്ലയറായ അവർക്ക് ഇൻസ്റ്റഗ്രാമിൽ ഏകദേശം 11,000 ഫോളോവേഴ്‌സുമുണ്ട്. ഡൽഹിയിലെ പ്രമുഖ ബിസിനസുകാരനായ ഇമ്രാൻ ബേ​ഗിന്റെ മകളാണ് അവിവ. പ്രശസ്ത ഇന്റീരിയർ ഡിസൈനറായ നന്ദിത ബേ​ഗാണ് മാതാവ്. ഡൽഹിയിലെ ഉന്നതവൃത്തങ്ങളുമായി ആഴത്തിലുള്ള ബന്ധമാണ് ബേ​ഗ് കുടുംബത്തിനുള്ളത്. ​ 



 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ് ഷിയാസ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍.2012 മാധ്യമപ്രവര്‍ത്തന രംഗത്ത്. ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയം, കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പത്ര- ഓണ്‍ലൈന്‍ മീഡിയകളിൽ പ്രവര്‍ത്തനപരിചയം

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ് ഷിയാസ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍.2012 മാധ്യമപ്രവര്‍ത്തന രംഗത്ത്. ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയം, കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പത്ര- ഓണ്‍ലൈന്‍ മീഡിയകളിൽ പ്രവര്‍ത്തനപരിചയം

By - Web Desk

contributor

Similar News