ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം പശ വെച്ച് ഒട്ടിച്ചു ; കർണാടകയിൽ നഴ്സിന് സസ്പെൻഷൻ
സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിലായിരുന്നു തീരുമാനം
ബെംഗളൂരു: കർണാടകയിൽ ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടാതെ ഫെവി ക്വിക്ക് വെച്ച് ഒട്ടിച്ചതിന് നഴ്സിന് സസ്പെൻഷൻ. ഹാവേരി ജില്ലയിൽ അടൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ കൊടുത്ത പരാതിയിലാണ് നടപടി.
ജനുവരി 14നാണ് ഗുരുകിഷൻ അന്നപ്പ ഹൊസമാണി, മുഖത്ത് മുറിവുമായി ആശുപത്രിലെത്തിയത്. മുറിവിൽ തുന്നലിട്ടാൽ മുഖത്ത് പാടുണ്ടാവുമെന്ന് പറഞ്ഞ നഴ്സ് ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു. ഇതിൽ ആശങ്ക അറിയിച്ച മാതാപിതാക്കളോട് താൻ വർഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും ഒരു പ്രശ്നവുമില്ലെന്നും പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ സംഭവത്തിന്റെ വിഡിയോ പകർത്തി പരാതി നൽകി.
മെഡിക്കൽ പ്രോട്ടോക്കോളുകളുടെ വ്യക്തമായ ലംഘനം നടത്തിയ നഴ്സിനെ ഹാവേരി താലൂക്കിലെ മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റി. എന്നാൽ കൂടുതൽ പ്രതിഷേധമുണ്ടായപ്പോൾ സസ്‌പെൻഡ് ചെയുകയായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിലായിരുന്നു തീരുമാനം.
അതേസമയം, കുട്ടിയുടെ ആരോഗ്യനില നില തൃപ്തികരമാണെന്നും ഫെവി ക്വിക്കിന്റെ ഉപയോഗത്തിൽ പാർശ്വഫലങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.