കര്‍ണാടകയിൽ മീൻ മോഷ്ടിച്ചുവെന്നാരോപിച്ച് സ്ത്രീയെ കെട്ടിയിട്ട് മര്‍ദിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സിദ്ധരാമയ്യ

സംഭവത്തിൽ രോഷം പ്രകടിപ്പിച്ച സിദ്ധരാമയ്യ, ദൃശ്യങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയി എന്നും സ്ത്രീയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും പറഞ്ഞു

Update: 2025-03-20 10:43 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ മാൽപെ തുറമുഖ പ്രദേശത്ത് മീൻ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തിൽ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തിൽ രോഷം പ്രകടിപ്പിച്ച സിദ്ധരാമയ്യ, ദൃശ്യങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയി എന്നും സ്ത്രീയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും പറഞ്ഞു. ''കാരണമെന്തു തന്നെയായാലും ഒരു സ്ത്രീയുടെ കൈകാലുകൾ ഈ രീതിയിൽ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതം മാത്രമല്ല, ഗുരുതരമായ കുറ്റകൃത്യവുമാണ്. കർണാടക പോലുള്ള ഒരു പരിഷ്കൃത സ്ഥലത്തിന് യോജിച്ചതല്ല ഇത്തരം ക്രൂരമായ പെരുമാറ്റം," അദ്ദേഹം എക്‌സിൽ കുറിച്ചു. ഇത്തരം നടപടികൾ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertising
Advertising

അതേസമയം, കർണാടകയിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്ന് ആരോപിച്ച് ബിജെപി ഭരണകക്ഷിയായ കോൺഗ്രസിനെനെതിരെ രംഗത്തെത്തി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ആരോപിക്കുന്നതിനായി, ബെലഗാവിയിലെ ആക്രമണം, ഹംപിയിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത് എന്നിവയുൾപ്പെടെ സ്ത്രീകൾക്കെതിരായ മറ്റ് സമീപകാല കുറ്റകൃത്യങ്ങൾ ബിജെപി ഉയർത്തിക്കാട്ടി. "ഇപ്പോൾ ഉഡുപ്പിയിൽ, മീൻ മോഷ്ടിച്ചു എന്നാരോപിച്ച് ഒരു സ്ത്രീയെ തൂണിൽ കെട്ടിയിട്ട് തല്ലി. അതെ, മീൻ! ഈ കാര്യക്ഷമതയില്ലാത്ത സർക്കാർ കർണാടകയെ താലിബാനാക്കി മാറ്റുകയാണ്!!" ബിജെപി എക്സിൽ കുറിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News