യു.പിയില്‍ ലവ് ജിഹാദ് ആരോപിച്ച് കര്‍ണിസേന പ്രവര്‍ത്തകര്‍ വിവാഹം തടഞ്ഞു

ലവ് ജിഹാദ് ആരോപണം തെളിയിക്കുന്ന ഒന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

Update: 2021-07-29 16:28 GMT
Advertising

ഉത്തർപ്രദേശിൽ കർണിസേന പ്രവർത്തകർ മുസ്‍ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞു. ലവ് ജിഹാദ് ആരോപിച്ച് കര്‍ണിസേന പ്രവര്‍ത്തകര്‍ ദമ്പതികളെ ബലംപ്രയോഗിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബല്ലിയ ജില്ലയിലാണ് സംഭവം.

താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്‍ലിം യുവാവിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്ന് 18കാരിയായ ദലിത് യുവതി പറഞ്ഞു. അതേസമയം തന്‍റെ മകളെ തട്ടിക്കൊണ്ടുപോയെന്ന് യുവതിയുടെ പിതാവ് ദില്‍ഷാദ് എന്ന യുവാവിനെതിരെ പരാതി നല്‍കി. യുവാവിനെതിരെ പൊലീസ് കേസെടുത്തു.

നിയമ പ്രകാരം വിവാഹം ചെയ്യാനുള്ള അനുമതിക്കായി കോടതിയില്‍ പോയപ്പോഴാണ് ദില്‍ഷാദിനെയും യുവതിയെയും കര്‍ണിസേന പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ലവ് ജിഹാദാണിതെന്നും ആരോപിച്ച് അവര്‍ സംഘര്‍ഷമുണ്ടാക്കി. ചിലർ ദിൽ‌ഷാദിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവിനെയും യുവതിയെയും ബലംപ്രയോഗിച്ച് കോട്‍വാലി പൊലീസ് സ്റ്റേനിലെത്തിച്ച ശേഷവും കര്‍ണിസേന പ്രവര്‍ത്തകര്‍ ബഹളം തുടര്‍ന്നു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കി.

യുവതിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുമെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും പൊലീസ് സൂപ്രണ്ട് വിപിൻ ടാഡ പറഞ്ഞു. കർണിസേന പ്രവർത്തകര്‍ ഉന്നയിച്ച ലവ് ജിഹാദ് ആരോപണം തെളിയിക്കുന്ന ഒന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ണിസേന പ്രവര്‍ത്തകരുണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ച് പൊലീസ് പ്രതികരിച്ചില്ല. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News