കശ്മീർ രക്തസാക്ഷി ദിനത്തിൽ നേതാക്കളെ വീട്ടുതടങ്കലിലാക്കി കേന്ദ്രം; ജനാധിപത്യ വിരുദ്ധ നടപടിയെന്ന് ഉമര്‍ അബ്ദുല്ല

രക്തസാക്ഷികളുടെ അനുസ്മരണ ദിനത്തിലാണ് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലാക്കിയുള്ള നടപടി

Update: 2025-07-14 03:37 GMT
Editor : നബിൽ ഐ.വി | By : Web Desk

ശ്രീന​ഗർ: കശ്മീർ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കി കേന്ദ്രസർക്കാർ. രക്തസാക്ഷികളുടെ അനുസ്മരണ ദിനത്തിലാണ് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കൽ ആക്കിയുള്ള നടപടി. നിയന്ത്രണങ്ങളെയും വീട്ടുതടങ്കലുകളെയും മുഖ്യമന്ത്രി ഉമർ അബ്ദുല്ല ശക്തമായി അപലപിച്ചു.

എംഎൽഎമാരുടെയും നേതാക്കളുടെയും വീടുകള്‍ പുറത്തുനിന്ന് പൂട്ടി പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചതായി ഉമര്‍ അബ്ദുല്ല പറഞ്ഞു. ശ്രീന​ഗറിലെ പ്രധാന പാലങ്ങള്‍ അടച്ചു. ശവകുടീരം സന്ദര്‍ശിക്കുന്നത് വിലക്കി. ശവകുടീരത്തിലേക്കുള്ള റോഡുകളിൽ ബാരിക്കേഡ് നിരത്തി. കാശ്മീരികൾക്കുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ സ്ഥലം സന്ദർശിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അനുമതി നൽകമെന്ന് ആവശ്യപ്പെട്ട പ്രാദേശിക പാർട്ടികൾ നിവേദനം നൽകിയെങ്കിലും നിഷേധിച്ചു.

Advertising
Advertising

ജൂലൈ 13 കൂട്ടക്കൊല തങ്ങളുടെ ജാലിയൻവാലാബാ​ഗ് ആണെന്നും രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കുന്നത് തടഞ്ഞത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ഉമര്‍ അബ്ദുള്ള പ്രതികരിച്ചു. ഉമർ അബ്ദുള്ളയുടെ ഉപദേഷ്ടാവ് നാസർ അസ്ലം വാണി, നിയമസഭാംഗം തൻവീർ സാദിഖ് തുടങ്ങി നാഷണൽ കോൺഫറൻസിന്റെ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് (എൻസി), പ്രതിപക്ഷമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജമ്മു കശ്മീർ അപ്നി പാർട്ടി (ജെകെഎപി) എന്നിവയുൾപ്പെടെ കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്. പിഡിപി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി തന്റെ പൂട്ടിയ ഗേറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഭരണകൂടം കൂട്ടായ ഓർമ്മ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് മഹാരാജ ഹരിസിങ്ങിനെതിരെ പ്രതിഷേധിച്ചതിന് 22 പേരെ 1931 ജൂലൈ 13ന് ദോ​ഗ്ര സൈന്യം കൂട്ടക്കൊലചെയ്തതിന്റെ വാര്‍ഷികമാണ് രക്തസാക്ഷിദിനമായി കശ്‍മീരിൽ ആചരിക്കുന്നത്.നഖ്ഷ്‍ബന്ദ് സാഹിബിലെ ശവകുടീരത്തിൽ ഫറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കള്‍ക്ക് ആദരമര്‍പ്പിക്കാൻ നാഷണൽ കോൺഫറൻസ് നൽകിയ അപേക്ഷ ശ്രീന​ഗര്‍ ജില്ലാ മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2019ൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജൂലൈ 13 അവധി ദിനമായി പ്രഖ്യാപിച്ചത് നിർത്തലാക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News