മുനുഗോഡില്‍ ടി.ആര്‍.എസ്; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയിലെത്തിയ സിറ്റിങ് എം.എല്‍.എയ്ക്ക് തോല്‍വി

തനിക്കെതിരായ പ്രചാരണത്തിന് 19 മന്ത്രിമാരെയും 80ലധികം എം.എൽ.എമാരെയും ടി.ആർ.എസ് നിയോഗിച്ചതിനാൽ താനാണ് ശരിക്കുള്ള വിജയിയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി

Update: 2022-11-06 13:53 GMT

ഹൈദരാബാദ്: തെലങ്കാനയിലെ മുനുഗോഡ് മണ്ഡലം പിടിച്ചെടുത്ത് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ ടി.ആര്‍.എസ്. ആദ്യ റൌണ്ട് വോട്ടെണ്ണലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടി.ആര്‍.എസും ബി.ജെ.പിയും തമ്മില്‍ നടന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ടി.ആര്‍.എസിന്‍റെ പ്രഭാകര്‍ റെഡ്ഡി പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ കൊമാട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡിയെ ആണ് തോല്‍പ്പിച്ചത്.

രാജഗോപാല്‍ റെഡ്ഡി കോണ്‍ഗ്രസ് എം.എല്‍.എ സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ എത്തിയതോടെയാണ് മുനുഗോഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആഗസ്തിലാണ് രാജഗോപാല്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. ടി.ആര്‍.എസും ബി.ജെ.പിയും അഭിമാന പോരാട്ടമായാണ് ഉപതെരഞ്ഞെടുപ്പിനെ കണ്ടത്. ജയിച്ചേ തീരൂ എന്ന വാശിയോടെ ഇരു പാര്‍ട്ടികളും സര്‍വസന്നാഹങ്ങളുമായി പ്രചാരണം നടത്തി. അന്തരിച്ച നേതാവ് പൽവായി ഗോവർദ്ധൻ റെഡ്ഡിയുടെ മകൾ പൽവായി ശ്രാവന്തിയെ ആണ് കോൺഗ്രസ് രംഗത്തിറക്കിയത്. പക്ഷേ മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ.

Advertising
Advertising

വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ മൂന്ന് റൌണ്ട് ബാക്കിയുള്ളപ്പോള്‍ പരാജയം സമ്മതിക്കുകയാണെന്ന സൂചന നല്‍കി ബി.ജെ.പി സ്ഥാനാര്‍ഥി രാജഗോപാല്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പ്രചാരണത്തിന് 19 മന്ത്രിമാരെയും 80ലധികം എം.എൽ.എമാരെയും ടി.ആർ.എസ് നിയോഗിച്ചതിനാൽ താനാണ് വിജയി എന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദിയും പറഞ്ഞു. വോട്ടർമാരെ വശത്താക്കാനും എതിരാളികളെ ഭയപ്പെടുത്താനും ടി.ആർ.എസ് എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചുവെന്നും ബി.ജെ.പി സ്ഥാനാര്‍ഥി കുറ്റപ്പെടുത്തി.

119 എം.എൽ.എമാരിൽ 104 പേരും ഭരണപക്ഷത്തായതിനാല്‍ മുനുഗോഡിലെ വിജയം പ്രത്യക്ഷത്തില്‍ അപ്രസക്തമാണ്. എങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രാധാന്യമുണ്ട്. ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി കെസി.ആര്‍ തന്നെ ഓപറേഷന്‍ കമല ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News