'കെജ്‌രിവാളിന് എംപിയാകണമെങ്കിൽ ആരെങ്കിലും സീറ്റൊഴിയാൻ കാത്തിരിക്കേണ്ടതില്ല': സഞ്ജീവ് അറോറ എംപി

''ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് ഒഴിയാനൊന്നും കെജ്‌രിവാൾ കാത്തിരിക്കേണ്ടതില്ല, പാർട്ടിയുടെ ഏത് എംപിയോടും അദ്ദേഹത്തിന് സീറ്റ് ആവശ്യപ്പെടാം''

Update: 2025-03-04 07:28 GMT
Editor : rishad | By : Web Desk

സഞ്ജീവ് അറോറ- അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: കെജ്‌രിവാളിന് എംപിയാകണമെങ്കിൽ ആരെങ്കിലും സീറ്റൊഴിയാൻ കാത്തിരിക്കേണ്ടതില്ലെന്ന് എഎപി രാജ്യസഭാ എംപി സഞ്ജീവ് അറോറ.

പഞ്ചാബിൽ ഒഴിവുള്ള ലുധിയാന വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ സഞ്ജീവ് അറോറയേയാണ് പാർട്ടി കാണുന്നത്. അങ്ങനെ അദ്ദേഹം ഒഴിയുന്ന എംപി സ്ഥാനത്തേക്ക് കെജ്‌രിവാളിനെ പരിഗണിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് സഞ്ജീവിന്റെ പ്രതികരണം. 

ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് ഒഴിയാനൊന്നും അരവിന്ദ് കെജ്‌രിവാൾ കാത്തിരിക്കേണ്ടതില്ല, പാർട്ടിയുടെ ഏത് എംപിയോടും അദ്ദേഹത്തിന് സീറ്റ് ആവശ്യപ്പെടാമെന്നും സഞ്ജീവ് അറോറ പറഞ്ഞു.

Advertising
Advertising

''ഞാൻ ഇപ്പോഴും രാജ്യസഭാ എംപിയാണ്, നിയമസഭയിലേക്ക് നടക്കുന്നൊരു ഉപതെരഞ്ഞെടുപ്പിൽ ഞാൻ മാത്രമല്ല മത്സരിക്കുന്നത്, കേന്ദ്ര മന്ത്രിമാര്‍ വരെ മത്സരിക്കാറുണ്ട്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വമാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഞാനത് അംഗീകരിച്ചു. എന്നെ ഏൽപ്പിച്ചിരിക്കുന്ന ചുമതല എന്തായാലും ഭംഗിയായി ചെയ്യുമെന്നും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതിനെ തുടര്‍ന്നാണ് ലുധിയാന വെസ്റ്റിലെ എംഎല്‍എ ആയിരുന്ന ഗുർപ്രീത് ഗോഗി മരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇതോടെയാണ് സീറ്റ് ഒഴിഞ്ഞുകിടുക്കുന്നത്. അതേസമയം സഞ്ജീവ് അറോറ ജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം കൊടുത്തേക്കും എന്ന വാര്‍ത്തകളുമുണ്ട്.  

വ്യവസായി കൂടിയായ അറോറയെ 2022ലാണ് പഞ്ചാബില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. 2028വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റതിനാല്‍ എഎപിയും കെജ്‌രിവാളും ക്ഷീണത്തിലാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News