Writer - രാഗേന്ദു പി.ആർ
Web Journalist
ഇന്ത്യയിലുടനീളം അറിയപ്പെടുന്ന ഓണ്‍ലൈന്‍ എഡ്യൂക്കേറ്റര്‍മാരില്‍ ഒരാളാണ് പാട്‌ന സ്വദേശിയായ 'ഖാന്‍ സര്‍' എന്ന ഫൈസല്‍ ഖാന്‍. Khan GS Research Centre എന്ന സ്ഥാപനത്തിലൂടെ യുപിഎസ്‌സി, ബിപിഎസ്‌സി, എസ്എസ്‌സി, റെയില്‍വേ അടക്കമുള്ള മത്സരപരീക്ഷകള്‍ക്ക് അദ്ദേഹം കോച്ചിങ് നല്‍കുന്നു. 'Khan Sir Official' എന്ന യൂട്യൂബ് ചാനലിലൂടെ തികച്ചും ലളിതമായ രീതിയില്‍ അദ്ദേഹം സൗജന്യ ക്ലാസുകളും എടുക്കുന്നുണ്ട്. ചരിത്രവും കറണ്ട് അഫയറും ജനറല്‍ നോളജും തന്റേതായ ശൈലയില്‍ അവതരിപ്പിച്ചുകൊണ്ടുള്ള ക്ലാസുകളാണ് ഖാന്‍ സറിന്റെ മറ്റൊരു പ്രത്യേകത.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഖാന്‍ സറിന്റെ ക്ലാസുകളെ ആശ്രയിക്കുന്നത്. രാജ്യമൊട്ടാകെ അദ്ദേഹത്തിന് ജനപ്രീതി ലഭിക്കാനുള്ള കാരണവും ഇതുതന്നെയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ അങ്ങേയറ്റം സ്വാധീനമുള്ള ഖാന്‍ സര്‍ ബിഹാറിലെ എൻഡിഎ സര്‍ക്കാരിനോട് വലിയ നിയമപോരാട്ടമാണ് ഇപ്പോള്‍ നടത്തുന്നത്. പാട്‌നയിലെ 'Khan Global Studies' കോച്ചിങ് സെന്ററിന് നേരെയുണ്ടായ ആക്രമണമാണ് ഈ നിയമപോരാട്ടത്തിലേക്ക് വഴിവെച്ചത്.
ജൂണ്‍ രണ്ടിന് രാത്രി അതിക്രമിച്ചെത്തിയ 200ഓളം പേര്‍ Khan Global Studies കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു. ഇതിനിടെ സ്വയരക്ഷക്കായി ഖാന്‍ സറിന്റെ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ ലൈസന്‍സുള്ള തങ്ങളുടെ റൈഫിള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തു. പക്ഷെ ഇതിനുശേഷം സെക്യൂരിറ്റി ഗാര്‍ഡുകളെ അക്രമികള്‍ കീഴ്‌പ്പെടുത്തുകയും മാരകമായി ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ജീവനക്കാര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
ഇതിനുപിന്നാലെ ഉണ്ടായ സംഭവങ്ങളാണ് ബിഹാറില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ഖാന്‍ സറിനുമെതിരെ, ആംസ് ആക്ട് പ്രകാരം ബിഹാര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്തു.
എന്നാല്‍ കേസ് റദ്ദാക്കണമെന്നും Khan GS Research Centre തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഖാന്‍ സര്‍ പാട്‌ന ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ഹരജിയില്‍ ബിഹാര്‍ സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ജൂലൈ 13ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും.
അതേസമയം ഖാന്‍ സറിന്റെ നിര്‍ദേശമനുസരിച്ച് സെക്യൂരിറ്റി ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തുവെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഈ സംഭവവികാസങ്ങള്‍ ഖാന്‍ സാറിന്റെ സ്ഥാപനത്തെ തകര്‍ക്കാനുള്ള ബിജെപി ഭരണകൂടത്തിന്റെ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി.
മാത്രമല്ല, മെയ് 29ന് ആജ് തക്കിലെ നീറ്റ് ചര്‍ച്ചക്കിടെ മാധ്യമപ്രവര്‍ത്തകയായ അഞ്ജന ഓം കശ്യപും ഖാന്‍ സറും തമ്മിലുണ്ടായ തര്‍ക്കമാണ് ഈ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ചാനല്‍ ചര്‍ച്ചക്കിടെയുണ്ടായ ഈ തര്‍ക്കം പിന്നീട് എത്തിനിന്നത് ഒരു മാനനഷ്ടക്കേസിലാണ്. ഖാന്‍ സറിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ അഭിനയ് ശര്‍മ്മ, ബബിത ത്യാഗി, അരവിന്ദ് ഭദൗരിയ എന്നിവര്‍ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് കശ്യപ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
മെയ് 30നും ജൂണ്‍ നാലിനുമിടയില്‍ ഖാന്‍ സറും സംഘവും ചേര്‍ന്ന് ഇന്ത്യ ടുഡേ ഗ്രൂപ്പിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. ബികൗ പത്രകര്‍, ചതുകര്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അജ് തക്കിനും അഞ്ജന ഓം കശ്യപിനുമെതിരെ ചില എക്‌സ് ഹാന്‍ഡിലുകള്‍ പ്രചാരണം നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ജന ഓം കശ്യപിന്റെ കുട്ടി പഠിച്ചിരുന്ന സ്‌കൂളിന്റെ പേര് ഖാന്‍ സര്‍ പരസ്യമാക്കിയെന്നും ആരോപണമുണ്ട്.
എന്നാല്‍ ഈ രണ്ട് കേസുകളും ബിജെപി ഭരണകൂടത്തിന്റെ ആസൂത്രിതമായ നീക്കമാണെന്ന് പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും ഒരുപോലെ അഭിപ്രായപ്പെടുന്നു. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അധ്യാപകനെ നിയമവ്യവസ്ഥകള്‍ ഒറ്റക്കെട്ടായി ആക്രമിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.