'കഴുത്തെല്ല് പൊട്ടി, കണ്ണിലും വായിലും മുറിവുകള്‍'; കൊൽക്കത്തയിൽ കൊല്ലപ്പെട്ട ഡോക്ടർ നേരിട്ടത് കൊടും ക്രൂരത

ഡ്യൂട്ടിക്കിടെ വിശ്രമത്തിനായി സെമിനാർ റൂമിലേക്ക് പോകുന്നുവെന്നാണ് യുവതി പറഞ്ഞിരുന്നത്. എന്നാൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Update: 2024-08-11 09:46 GMT
Editor : ദിവ്യ വി | By : Web Desk

കൊൽക്കത്ത: കൊൽക്കത്തയിൽ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട പി.ജി ട്രെയിനി ഡോക്ടർ നേരിട്ടത് കൊടും ക്രൂരത. 31 കാരിയായ യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നാണ് ആദ്യഘട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കണ്ണിൽ നിന്നും വായിൽ നിന്നും സ്വകാര്യഭാഗങ്ങളിൽ നിന്നടക്കം രക്തം ഒഴുകുന്നനിലയിലായിരുന്നു. ഇടത് കാൽ, വയർ, കഴുത്ത്, വലതുകൈ, മോതിരവിരൽ, ചുണ്ട് എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

കഴുത്തിലെ എല്ല് പൊട്ടിയ നിലയിലാണ്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാകാമെന്നും ഇത് മരണകാരണമായിട്ടുണ്ടാകാമെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പൂർണമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Advertising
Advertising

വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന ഇവർ കൂടെയുള്ള സുഹൃത്തുക്കൾക്കൊപ്പം വ്യാഴാഴ്ച രാത്രി രണ്ട് മണിയോടെ ഭക്ഷണം കഴിച്ച് പിരിഞ്ഞതാണ്. ഡ്യൂട്ടിക്കിടെ വിശ്രമത്തിനായി സെമിനാർ റൂമിലേക്ക് പോകുന്നുവെന്നാണ് യുവതി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സിവിക് പൊലീസ് വളൻ്റിയറെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താഴ്ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒരു സിവിക് പൊലീസ് വളൻ്റിയറെ നിയോഗിക്കാറുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ആഗസ്റ്റ് 23 വരെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം ജഡ്ജി അംഗീകരിക്കുകയായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

സംഭവത്തിൽ പശ്ചിമബംഗാളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ഡോക്ടർമാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും സമഗ്രമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News