ലഖിംപൂർ കർഷകക്കൊലയില്‍ തല്‍സ്ഥിതി റിപ്പോർട്ട് വൈകിയതില്‍ സുപ്രിം കോടതിക്ക് അതൃപ്തി

അന്വേഷണം തീരാക്കഥയായി മാറരുതെന്നും യു.പി സർക്കാറിന് കോടതി താക്കീത് നൽകി

Update: 2021-10-20 07:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ തൽസ്ഥിതി റിപ്പോർട്ട് വൈകിയതിൽ സുപ്രിം കോടതിക്ക് അതൃപ്തി . സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും കോടതി അതൃപ്തി അറിയിച്ചു. അന്വേഷണം തീരാക്കഥയായി മാറരുതെന്നും യു.പി സർക്കാറിന് കോടതി താക്കീത് നൽകി.

കർഷക കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് ഇന്നാണ് യു.പി സർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ചത്. 44 സാക്ഷികളുള്ള കേസിൽ 4 പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിലും സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തിലും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്ന കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ വൈകുന്നതെന്താണെന്ന് കോടതി ചോദിച്ചു. അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് താക്കീത് നൽകി. കേസിലെ സാക്ഷികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കാനും കോടതി യു.പി സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മുഴുവൻ സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കർഷക കൊലപാതകത്തിന്‍റെ അന്വേഷണവുമായ ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സാക്ഷി മൊഴികളും ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിം കോടതി യുപി സർക്കാറിന് നിർദേശം നൽകി. എന്നാൽ കേസിന്‍റെ അന്വേഷണം തുടരുകയാണെന്നും മുഴുവൻ പ്രതികളെയും പിടികൂടിയിട്ടുണ്ടെന്നും യുപി സർക്കാർ കോടതിയെ അറിയിച്ചു. ലഖിംപൂരിൽ നടന്ന സംഭവം പുനരാവിഷ്കരിച്ചാണ് അന്വേഷണം നടത്തിയത് അതിനാലാണ് മൊഴി രേഖപ്പെടുത്താൻ വൈകിയതെന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News