ഇന്ദിര ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ; മിസോറമിനെ നയിക്കാൻ പുതിയ നായകൻ, ലാൽദുഹോമ

മിസോറമിൽ മിസോ പ്രക്ഷോഭം കത്തിയാളുമ്പോൾ അത് അമർച്ച ചെയ്യാനുള്ള ഉത്തരവാദിത്തം ഇന്ദിര വിശ്വസിച്ചേൽപിച്ചത് ലാൽദുഹോമയെയായിരുന്നു

Update: 2023-12-04 16:26 GMT
Editor : Shaheer | By : Web Desk
Advertising

ഐസ്വാൾ: മിസോറമിൽ ഭരണകക്ഷിയെ തരിപ്പണമാക്കി ഞെട്ടിപ്പിച്ചിരിക്കുകയാണ് സോറം പീപ്പിൾസ് മൂവ്‌മെന്റ്(ഇസെഡ്.പി.എം). 27 സീറ്റ് പിടിച്ചടക്കി മിസോ നാഷനൽ ഫ്രണ്ടിനെ(എം.എൻ.എഫ്) ഇസെഡ്.പി.എം നിലംപരിശാക്കിയപ്പോൾ അതിനുമുന്നിൽ താരപ്രഭാവത്തോടെ നിൽക്കുന്ന ഒരാളുണ്ട്, ലാൽദുഹോമ. മുൻ ഐ.പി.എസ് ഓഫിസറായ ഈ 74കാരനാകും മിസോറമിനെ ഇനി അഞ്ചുവര്‍ഷം നയിക്കാന്‍ പോകുന്നത്.

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ലാൽദുഹോമ. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നയാൾ. അതുകൊണ്ടുതന്നെ 1984ൽ സർവീസിൽനിന്നു സ്വയം വിരമിച്ചു സാമൂഹികപ്രവർത്തനത്തിനിറങ്ങുമ്പോൾ അദ്ദേഹത്തിനു മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. നേരെ കോൺഗ്രസിനൊപ്പം ചേർന്നു.

1960കളിൽ മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം അമർച്ച ചെയ്യാനുള്ള ചുമതല ഇന്ദിര ഏൽപിച്ചത് ലാൽദുഹോമയെയായിരുന്നു. ഇതിനായി എം.എൻ.എഫ് സ്ഥാപകൻ ലാൽദെങ്ങയെ അദ്ദേഹം ഒളിവിൽ കഴിഞ്ഞിരുന്ന ലണ്ടനിൽ പോയിക്കണ്ടു ലാൽദുഹോമ. തുടർന്നാണ് അദ്ദേഹത്തിന്റെ കൂടെ ഇടപെടലിൽ 1986ൽ മിസോ സമാധാന കരാറിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒപ്പുവയ്ക്കുന്നത്. രണ്ടു പതിറ്റാണ്ടുനീണ്ട സംഘർഷങ്ങൾക്കും അക്രമങ്ങൾക്കുമാണ് അതിലൂടെ അറുതിയായത്.

കോൺഗ്രസ് അക്കൗണ്ടിൽ മിസോറമിൽനിന്ന് പാർലമെന്റിലെത്തിയിട്ടുണ്ട് ലാൽദുഹോമ. 1984ൽ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട ശേഷം അദ്ദേഹം പാർട്ടി വിടുകയും കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാകുകയും ചെയ്തു.

ഒരു പതിറ്റാണ്ടു കഴിഞ്ഞ് മിസോറമിൽ സ്വന്തം പാർട്ടിയുമായി രംഗത്തെത്തി ലാൽദുഹോമ. 1997ലായിരുന്നു അത്. സോറം നാഷനലിസ്റ്റ് പാർട്ടി എന്ന് അതിനു പേരുംനൽകി. 2003ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ മിസോറം നിയമസഭയിലും അരങ്ങേറ്റം കുറിച്ചു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിനുതൊട്ടുമുൻപാണു സമാനമനസ്‌കരായ ആറു പാർട്ടികളെ കൂട്ടുപിടിച്ച് ഇസെഡ്.പി.എം എന്ന പേരിൽ പുതിയൊരു മുന്നണിക്കു രൂപംനൽകുന്നത്. അന്നു കാര്യമായ ഓളമുണ്ടാക്കാനായില്ലെങ്കിലും ഇത്തവണ ശരിക്കും ഞെട്ടിച്ചുകളഞ്ഞു അവർ.

ആകെ 40 സീറ്റിൽ 27ഉം നേടിയാണ് സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിലേറുന്നത്. കഴിഞ്ഞ തവണ സംപൂജ്യരായിടത്തുനിന്നാണ് ഈ വമ്പൻ കുതിപ്പെന്നതാണ് അതിശയിപ്പിക്കുന്നത്. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് വെറും 10 സീറ്റിലേക്കൊതുങ്ങി. ഒരു സീറ്റ് അധികം നേടി ബി.ജെ.പി രണ്ടിടത്തും വിജയിച്ചു.

Summary: Lalduhoma, Indira Gandhi’s security officer, to be Mizoram’s new CM

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News