ഉത്തരാഖണ്ഡിലെ അൽമോറയിൽ സ്‌കൂളിന് സമീപം വൻ സ്‌ഫോടകവസ്തുശേഖരം കണ്ടെത്തി
20 കിലോയിലധികം ഭാരമുള്ള 161 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറയിൽ ഒരു സ്‌കൂളിന് സമീപം വൻ സ്‌ഫോടകവസ്തുശേഖരം കണ്ടെത്തി. ഉഗ്ര സ്‌ഫോടന ശേഷിയിലുള്ള ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. 20 കിലോയിലധികം ഭാരമുള്ള 161 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. അൽമോറ ജില്ലയിൽ പൊലീസ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദബാര ഗ്രാമത്തിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള കുറ്റിക്കാട്ടിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കുറ്റിച്ചെടികൾക്കിടയിൽ സംശയകരമായ പാക്കറ്റുകൾ കണ്ട പ്രിൻസിപ്പൽ സുഭാഷ് സിങ് ആണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ ഏതാനും ജലാറ്റിൻ സ്റ്റിക്കുകളാണ് ആദ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ 20 അടി അകലെനിന്നാണ് കൂടുതൽ പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. ബോംബ് സക്വാഡ് പാക്കറ്റുകൾ സീൽ ചെയ്ത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
നിർമാണപ്രവർത്തനങ്ങൾക്കുള്ള പാറകൾ പൊട്ടിക്കാനാണ് സാധാരണമായി ജലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിക്കുന്നത്. ഗ്രാമത്തിലേക്ക് സ്‌ഫോടകവസ്തുക്കൾ എത്തിച്ചതിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു.