ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച ഇന്ന്
ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ കരാര്‍, നിര്‍മിത ബുദ്ധി മേഖലയിലെ സഹകരണം തുടങ്ങിയവ ചര്‍ച്ചയാകും
മുംബൈ: മൂന്നുദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാത്രിയോടെ പത്‌നി ബ്രിജിറ്റ് മാക്രോണിനൊപ്പം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ കരാര്‍, നിര്‍മിത ബുദ്ധി മേഖലയിലെ സഹകരണം തുടങ്ങിയവ ചര്‍ച്ചയാകും.
മുംബൈ വിമാനത്താവളത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ചേര്‍ന്ന് മാക്രോണിനെ സ്വീകരിച്ചു. 19 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ആഗോള എഐ ഉച്ചകോടിയിലും മാക്രോണ്‍ പങ്കെടുക്കും. മാക്രോണിന്റെ നാലാമത് ഇന്ത്യാ സന്ദര്‍ശനമാണിത്.
3.5 ലക്ഷം കോടി ചെലവില്‍ ഫ്രാന്‍സില്‍ നിന്ന് 114 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ തീരുമാനമെടുത്തിരുന്നു. ഈ ഇടപാടുള്‍പ്പെടെ വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും. ഹെലികോപ്റ്ററുകളുടെ സംയുക്ത നിര്‍മ്മാണം, ഹാമര്‍ മിസൈലുകള്‍ എന്നിവയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും.