'മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല'; അമ്മയുടെ കൈകളിൽ കിടന്ന് അഞ്ചുവയസുകാരൻ മരിച്ചു

ഭാര്യ തലേദിവസം വ്രതമിരുന്നതിനാലാണ് ആരോഗ്യകേന്ദ്രത്തിൽ എത്താൻ വൈകിയതെന്ന് ഡോക്ടറുടെ വിശദീകരണം

Update: 2022-09-02 03:47 GMT
Editor : Lissy P | By : Web Desk
Advertising

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ കിട്ടാതെ അഞ്ച് വയസുകാരൻ അമ്മയുടെ കൈകളിൽ മരിച്ചു. സഞ്ജയ് പാന്ദ്രെയുടെ മകൻ ഋഷിയാണ് അമ്മയുടെ കൈകളിൽ കിടന്ന് മരിച്ചത്. അസുഖബാധിതനായ കുട്ടിയെയും കൊണ്ട് മാതാപിതാക്കൾ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിയെങ്കിലും ഡോക്ടർമാരോ ജീവനക്കാരോ കുട്ടിയെ തിരിഞ്ഞുനോക്കിയില്ല. 

കുട്ടിക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. രാവിലെ 10 മണിയോടെയാണ് കുട്ടിയെ ഇവർ ഹെൽത്ത് സെന്ററിൽ എത്തിച്ചത്. ഒരു നഴ്‌സ് മാത്രമായിരുന്നു ആ സമയത്ത്  ഡ്യൂട്ടിയിലുണ്ടായിരുന്നത്.  രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ഡോക്ടറുടെ ഡ്യൂട്ടി. 12 മണി വരെ ആശുപത്രിയിൽ ഡോക്ടറെ കാത്ത് നിൽക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. ഇതിനിടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ഒടുവിൽ മരിക്കുകയും ചെയ്തു. കുഞ്ഞുമരിച്ചിട്ടും ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരോ മെഡിക്കൽ ഓഫീസറോ തിരിഞ്ഞുനോക്കിയില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

എന്നാൽ തന്റെ ഭാര്യ തലേദിവസം വ്രതമിരുന്നതിനാലാണ് ആരോഗ്യകേന്ദ്രത്തിൽ എത്താൻ വൈകിയത് എന്നാണ് ഡോക്ടർ വിശദീകരിച്ചതെന്ന് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. അതേസമയം, കുട്ടി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ്‌ മരിച്ചെന്ന് വരുത്തിത്തീര്‍ക്കാനാണ് ആശുപത്രി അധികൃതരും ഭരണകൂടവും ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News