അമിത് ഷായുടെ ബന്ധുവായി ആൾമാറാട്ടം; വിമാനത്താവളത്തിൽ മാസങ്ങളോളം വിഐപി സൗകര്യങ്ങൾ ആസ്വദിച്ച് യുവാവ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബന്ധുവാണെന്ന് വിശ്വസിച്ച് പുനീത് ഷായ്ക്ക് വിഐപി ലോഞ്ചിലേക്കുള്ള പ്രവേശനവും പ്രത്യേക വാഹനങ്ങളിലുള്ള യാത്രയും മറ്റു സൗകര്യങ്ങളുമെല്ലാം അധികൃതര്‍ അനുവദിച്ചിരുന്നു

Update: 2021-07-30 16:06 GMT
Editor : Shaheer | By : Web Desk

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ബന്ധുവായി ആൾമാറാട്ടം നടത്തി വിമാനത്താവളത്തിലെ വിഐപി സൗകര്യങ്ങൾ ആസ്വദിച്ച് യുവാവ്. മഹാരാഷ്ട്ര സ്വദേശിയായ പുനീത് ഷായാണ് ഇൻഡോർ രാജ്യാന്തര വിമാനത്താവളം അധികൃതരെ മാസങ്ങളോളം കബളിപ്പിച്ച് വിഐപി സുരക്ഷയും പരിഗണനയുമെല്ലാം നേടിയെടുത്തത്. സംഭവത്തിൽ പുനീതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അമിത് ഷായുടെ ബന്ധുവാണെന്ന് അധികൃതരെ പറഞ്ഞുബോധ്യപ്പെടുത്തിയ പുനീത് ഷാ വിമാനത്താവളത്തിൽ വിഐപികൾക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ആസ്വദിച്ചുവരികയായിരുന്നു. കബളിപ്പിക്കപ്പെട്ട അധികൃതർ ഇയാൾക്കായി വിഐപി ലോഞ്ചിലേക്കുള്ള പ്രവേശനം, വിമാനത്താവളത്തിലെ വാഹനങ്ങളിലുള്ള യാത്ര, പ്രത്യേക സുരക്ഷയും മറ്റു സൗകര്യങ്ങളുമെല്ലാം അനുവദിച്ചിരുന്നു. ഏഴു മാസത്തോളം വിഐപി പരിചരണത്തിൽ ഇയാൾ കഴിഞ്ഞത്.

Advertising
Advertising

എന്നാൽ, ദിവസങ്ങൾക്കുമുൻപ് ഇയാളുടെ നീക്കത്തിൽ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. വിമാനത്താവളം അധികൃതർ ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോൾ അമിത് ഷായുമായി ഒരു ബന്ധവുമില്ലെന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇൻഡോർ രാജ്യാന്തര വിമാനത്താവളം അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അമിത് ഷായുമായുള്ള ബന്ധം കാണിച്ച് സർക്കാർവൃത്തങ്ങളെ കബളിപ്പിക്കുന്ന വാർത്ത ഇതാദ്യമായല്ല രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. 2020 ജൂലൈയിൽ മധ്യപ്രദേശിലാണ് അമിത് ഷായുടെ പേഴ്‌സനൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തി വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് പ്രത്യേക ആനുകൂല്യങ്ങൾ നേടിയ യുവാവ് അറസ്റ്റിലായത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News