നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാൻ ബിഹാറിൽ ബിജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു: സുശീൽ കുമാർ മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എൻഡിഎക്ക് വോട്ടു ചെയ്ത് ബിഹാറിലെ ജനങ്ങളെയും നിതീഷ് കുമാർ അപമാനിക്കുകയാണ് ചെയ്തതെന്നും സുശീൽ കുമാർ മോദി പറഞ്ഞു.

Update: 2022-08-10 10:25 GMT

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉപരാഷ്ട്രപതിയാവാൻ നീക്കങ്ങൾ നടത്തിയിരുന്നതായി ബിജെപി നേതാവ് സുശീൽ കുമാർ മോദി. നിതീഷിനെ ഉപരാഷ്ട്രപതിയാക്കിയാൽ ബിഹാറിൽ മുഖ്യമന്ത്രി പദം തനിക്ക് നൽകാമെന്ന വാഗ്ദാനവുമായി ഏതാനും ജെഡിയു നേതാക്കൾ തന്നെ വന്നു കണ്ടിരിന്നുവെന്ന് സുശീൽ കുമാർ മോദി പറഞ്ഞു. നേരത്തെ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദി ഇപ്പോൾ രാജ്യസഭാ എംപിയാണ്.

നിതീഷ് കുമാർ ബിജെപി ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് സുശീൽ കുമാർ മോദിയുടെ വെളിപ്പെടുത്തൽ. നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്. നിതീഷ് കുമാർ വിശ്വസിക്കാൻ കൊള്ളാത്ത ആളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു.

Advertising
Advertising

ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് നിതീഷ് കുമാർ മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തനിക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിജെപി തന്റെ പാർട്ടിയെ ഒതുക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 2014ൽ അധികാരത്തിൽ വന്നയാൾ (മോദി) 2024ൽ വിജയിക്കില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എൻഡിഎക്ക് വോട്ടു ചെയ്ത് ബിഹാറിലെ ജനങ്ങളെയും നിതീഷ് കുമാർ അപമാനിക്കുകയാണ് ചെയ്തതെന്നും സുശീൽ കുമാർ മോദി പറഞ്ഞു. തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിയാക്കി നിതീഷ് കുമാർ എങ്ങനെ ഭരണം നടത്തുമെന്ന് കാണാൻ തങ്ങൾ കാത്തിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഈ ഗവൺമെന്റ് നിലംപതിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News