എസ്‌ഐആറിനെതിരെ കൊൽക്കത്തയിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി
ഭരണഘടന ഉയർത്തിപ്പിടിച്ചാണ് കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചത്.
എസ്‌ഐആറിനെതിരെ കൊൽക്കത്തയിൽ നടന്ന പ്രതിഷേധ റാലി Photo-PTI
കൊൽക്കത്ത: വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്കരണത്തിനെതിരെ(എസ്ഐആര്‍) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തില്‍ വൻ പ്രതിഷേധം റാലി. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചത്.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുചേർന്ന് നടത്തുന്ന നിശബ്ദവും അദൃശ്യവുമായ കൃത്രിമത്വമാണ് എസ്ഐആറിലൂടെ നടത്തുന്നതെന്ന് ടിഎംസി നേതാക്കള്‍ പറഞ്ഞു. റാലിയില്‍ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി, രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
'അസംഘടിത മേഖലയിലെ പല തൊഴിലാളികളും തങ്ങളുടെ പേരുകൾ നീക്കം ചെയ്യുമോ എന്ന് പേടിയിലാണ്. ബംഗ്ലാ ഭാഷയിൽ സംസാരിക്കുന്നവര്‍ ബംഗ്ലാദേശികളാവില്ല. ഹിന്ദിയിലോ പഞ്ചാബിയിലോ സംസാരിക്കുന്നത് പാകിസ്ഥാനി എന്നല്ല എന്നതുപോലെ തന്നെയാണത്. ബംഗ്ലാ ഭാഷയിൽ സംസാരിക്കുന്നവരെ ബംഗ്ലാദേശികളായി മുദ്രകുത്തുകയാണ്. സ്വാതന്ത്ര്യസമരത്തിൽ പോരാടാത്ത വിഡ്ഢികളാണ് ഇതിന് പിന്നില്‍. സ്വാതന്ത്ര്യസമര കാലത്ത് ബിജെപി എവിടെയായിരുന്നു? അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയും ബംഗ്ലാദേശും പാകിസ്ഥാനും ഒരേ ഭൂമിയുടെ ഭാഗമായിരുന്നതെന്ന് അവർക്ക് അറിയാത്തത്''- മമത ബാനര്‍ജി പറഞ്ഞു.
"ബിജെപി കൊള്ളക്കാരുടെ പാർട്ടിയാണ്. അവർ നിരവധി ഏജൻസികളെ ഉപയോഗിച്ച് വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. ഇതുകൊണ്ടെന്നും നിങ്ങളിവിടെ അധികാരത്തില്‍ വരാന്‍ പോകുന്നില്ല''- മമത പറഞ്ഞു. നിരവധി പേരാണ് റാലിയുടെ ഭാഗമായത്. റെഡ് റോഡിലെ ബി ആർ അംബേദ്കറുടെ പ്രതിമയിൽ നിന്ന് ആരംഭിച്ച റാലി, 3.8 കിലോമീറ്ററാണ് പിന്നിട്ടത്.